Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: രാജു ഏബ്രഹാം എംഎല്‍എ

admin

ജൂൺ 15, 2017 • 2:38 pm

 

റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നവകേരള എക്‌സ്പ്രസ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാജാഥയും റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാന്നി നിയോജകമണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റാന്നി നിയോജകമണ്ഡലത്തിന് ബജറ്റിലൂടെ 200 കോടിയില്‍ അധികം രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചു. ഇതിനു പുറമേ, നാനൂറു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ബജറ്റിലൂടെ ലഭിക്കാന്‍ പോകുന്നത്. റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പൂര്‍ത്തിയാകുകയാണ്. റാന്നിക്ക് പുതിയ ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ അനുവദിച്ചു. റാന്നിയിലെ പ്രധാന റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസ വായ്പ എടുത്തിട്ട് തിരിച്ചടിയ്ക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് കടാശ്വാസം അനുവദിക്കാന്‍ 900 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാകാന്‍ കേരളത്തിന് കഴിഞ്ഞു. സ്വന്തമായി കക്കൂസ് ഇല്ലാത്ത സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. വീടുകളില്ലാത്ത അഞ്ചു ലക്ഷം പാവപ്പെട്ടവര്‍ക്ക് അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ വീടു നല്‍കുകയെന്ന വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിനൊപ്പം വീട് വയ്ക്കാന്‍ സ്ഥലമില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കും. പദ്ധതിക്ക് പുനലൂരില്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ജില്ലയിലെ ഏഴംകുളത്ത് ഗ്രാമപഞ്ചായത്ത് നല്‍കിയ ഒരു ഏക്കര്‍ സ്ഥലത്ത് ഫ്‌ളാറ്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
പ്രധാന വികസന ലക്ഷ്യങ്ങളായ കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 45,000 പേര്‍ക്ക് പിഎസ് സി മുഖേന തൊഴില്‍ നല്‍കി കഴിഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലും ഹരിതകേരളത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളിലും വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
നവകേരള എക്‌സ്പ്രസിന്റെ റാന്നിയിലെ പര്യടനം രാജു ഏബ്രഹാം എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ അണിനിരന്ന കലാജാഥ നാടന്‍പാട്ടുകള്‍ ആലപിച്ചു. സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനം നിരവധിപേര്‍ സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയിട്ടുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ചിത്രപ്രദര്‍ശനവും ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍, പൂങ്കാവില്‍ ഗ്രാമ പഞ്ചായത്തംഗം കെ.എം മോഹനന്‍ നായര്‍, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, ഇരവിപേരൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, കുമ്പനാട്ട് സണ്ണി സാമുവല്‍ എന്നിവര്‍ പ്രദര്‍ശന വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ആറ•ുള, പുല്ലാട്, തോട്ടഭാഗം, തിരുമൂലപുരം, കുറ്റൂര്‍ എന്നിവിടങ്ങളിലും വാഹനം പര്യടനം നടത്തി.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു