Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ മാല്‍വേറുകള്‍

admin

നവംബർ 4, 2019 • 9:32 am

 

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ മാര്‍വേറുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. എ.ടി.എം.കേന്ദ്രങ്ങളിലെ കംപ്യൂട്ടറുകളില്‍ ഇത്തരം മാല്‍വേറുകള്‍ കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. എ.ടി.എം. ഡിട്രാക്ക് എന്ന മാല്‍വേറിന്റെ സാന്നിധ്യം 2018ല്‍ ഇന്ത്യയിലെ ബാങ്കിങ് ശൃംഖലയില്‍ ഉപയോഗിച്ചിരുന്നതായി റഷ്യന്‍ ആന്റിവൈറസ് കമ്പനിയായ കാസ്‌പെര്‍സ്കി വ്യക്തമാക്കുന്നു. എ.ടി.എം. മെഷീനുകളില്‍ കടന്നാല്‍ അതില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളുടെ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ത്തിയെടുക്കുമെന്നതാണ് ഈ മാല്‍വേറുകളുടെ പ്രത്യേകത.

വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി കംപ്യൂട്ടറുകളില്‍ കടത്തിവിടുന്ന ചാരപ്രോഗ്രാമുകളാണ് മാര്‍വേറുകള്‍. ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളിലും ഇത്തരം മാല്‍വേറുകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. എ.ടി.എം.ഡിട്രാക്കില്‍നിന്ന് രൂപംകൊണ്ട ഡിട്രാക്ക് മാല്‍വേര്‍ കഴിഞ്ഞയാഴ്ച കൂടംകുളം ആണവനിലയത്തില്‍ കണ്ടെത്തി. കൂടംകുളത്തെ ഒരു റിയാക്ടര്‍ അവിചാരിതമായി പ്രവര്‍ത്തനം നിലച്ചതിനു തൊട്ടുപിന്നാലെയാണ് മാല്‍വേര്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, നിലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ള കംപ്യൂട്ടറുകളിലാണ് മാല്‍വേര്‍ കടന്നുകൂടിയതെന്ന് അധികൃതര്‍പറയുന്നു. ആണവനിലയത്തിന്റെ നിയന്ത്രണമടക്കം സുപ്രധാനകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ആഭ്യന്തര നെറ്റ്‌വര്‍ക്കില്‍ ഇതുകടന്നിട്ടില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയന്‍ സര്‍ക്കാരിനുകീഴിലുള്ള വലിയ ഹാക്കിങ് ഗ്രൂപ്പായ ലസാരസാണ് ഈ മാല്‍വേര്‍ ആക്രമണങ്ങള്‍ക്കുപിന്നിലെന്നാണ് കരുതുന്നത്. ബാങ്കുകള്‍ക്കുനേരെ സൈബര്‍ ആക്രമണം നടത്തിയതിന് യു.എസ്. ട്രഷറി ഉപരോധമേര്‍പ്പെടുത്തിയ മൂന്ന് ഉത്തരകൊറിയന്‍ ഹാക്കര്‍ ഗ്രൂപ്പുകളിലൊന്നാണിത്. എ.ടി.എം. ശൃംഖലകളിലും ചൂതാട്ട വെബ്‌സൈറ്റുകളിലും ഓണ്‍ലൈന്‍ കാസിനോകളിലും ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളിലുമൊക്കെ കടന്നുകയറി സര്‍ക്കാരിന്റെ ആയുധപദ്ധതികള്‍ക്കായി പണം തട്ടിയെടുക്കുന്നത് ഈ ഗ്രൂപ്പുകളാണ്.

200 കോടി ഡോളര്‍ ഇത്തരത്തില്‍ സമാഹരിച്ചുനല്‍കിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍. ബാങ്കുകള്‍ വിദേശ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേമെന്റ് സംവിധാനത്തിലും ലസാരസ് മുമ്പ് സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്.

Advertisement
Google AdSense (728×90)

Read Next

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു