
കരുതല്‍ ജനകീയ മഴക്കാലപൂര്‍വ ശുചീകരണം: പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു
പ്രമാടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ രണ്ടാംദിനം പത്തനംതിട്ട ജില്ലയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, പൊതുജനങ്ങളും ശുചീകരണത്തില്‍ പങ്കാളികളായി.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്, ഹരിത കേരളം മിഷന്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന മൂന്നു ദിവസത്തെ ശുചീകരണം ഇന്ന് (ഞായറാഴ്ച) പൂര്‍ത്തിയാകും.
വെള്ളിയാഴ്ച തൊഴിലിടങ്ങളും ശനിയാഴ്ച്ച പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിച്ചു. ഇന്ന് (ഞായറാഴ്ച) വീടുകളും പരിസരങ്ങളും എല്ലാവരും ശുചീകരിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചായത്ത്തല മഴക്കാലപൂര്‍വ ശുചീകരണം പൂങ്കാവ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. കോവിഡിനെയും മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനായി ബൃഹത്തായ ശുചീകരണ പരിപാടിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തെകള്‍ നട്ട് എല്ലാവരും പ്രകൃതി സംരക്ഷണം നടത്തുന്നതിനൊപ്പം പരിസര ശുചീകരണംകൂടി നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി സജി, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. മോഹന്‍ നായര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സി. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജ ശിവപ്രകാശ്, വാഴവിള അച്ചുതന് നായര്‍, റവ.ഫാദര്‍ ജിജു എം.ജോണ്‍, പഞ്ചായത്ത് അസി. സെക്രട്ടറി മിനി, സിഡിഎസ്, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, ഫ്രണ്ട്സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.