
പത്തനംതിട്ട ജില്ലയിലെ പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ബാരേജിലും, കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിലും ജല നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ ശക്തമായ മഴയ്ക്കുള്ള (യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്, ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യം എന്നിവ നിലവിലുണ്ട്.
മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററായി ഉയര്‍ന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 50 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തേക്കു ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ പരമാവധി 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തേണ്ടതായും വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തിയത്/ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറിലും പമ്പയാറിലും 100 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യമുണ്ട്. കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, ആങ്ങമൂഴി, സീതത്തോട്, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുകയും വേണം.