
കോന്നി വാര്‍ത്ത ഡോട്ട് കോം : രാത്രി മുതല്‍ തുടങ്ങിയ ഛന്നം പിന്നം മഴ രാവിലെ മുതല്‍ രുദ്ര രൂപം കൈക്കൊണ്ട് മലയോരത്ത് ആഞ്ഞു പെയ്തു .മഴയ്ക്ക് ഒപ്പം ശക്തമായ ഇടിയും ഇടവിട്ട് ഉണ്ടായി . രാത്രി മുതല്‍ രാവിലെ 5 മണി വരെ 97 എം എം മഴ കോന്നി മഴമാപിനിയില്‍ രേഖപ്പെടുത്തി . പെയ്ത്തു മഴവെള്ളം പല പ്രദേശത്തും കെട്ടി നിന്നതോടെ കോന്നി പുനലൂര്‍ റൂട്ടില്‍ പല ഭാഗത്തും ഗതാഗത തടസം ഉണ്ടായി . കോന്നി വകയാര്‍ , മുറിഞ്ഞകല്‍ , നെടുമണ്‍കാവ് മേഖലകളില്‍ അരക്കൊപ്പം വെള്ളം ഉയര്‍ന്നു .
ചെറിയ വാഹനങ്ങള്‍ എല്ലാംഈ റൂട്ടിലൂടെ ഓട്ടം നിര്‍ത്തി ചന്ദന പള്ളിറോഡ് വഴി യാത്ര തുടര്‍ന്നു . പുനലൂര്‍ -കോന്നി റോഡ് പണികള്‍ക്ക് വേണ്ടി പഴയ ഓടകള്‍ നികത്തിയതും പുതിയ ഓടയുടെ പണികള്‍ പല സ്ഥലത്തും തുടങ്ങിയിട്ടില്ല എന്നതും മഴ വെള്ളം ഒഴുകി പോകുന്നതിനു തടസമായി .
മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഭാഗത്ത് മല വെള്ള പാച്ചിലും മല ഇടിച്ചിലും ഉണ്ടായി . അച്ചന്‍ കോവില്‍ നദിയില്‍ ഉച്ചയ്ക്ക് ശേഷം ജല നിരപ്പ് ഉയര്‍ന്നു . മൂടി കെട്ടിയ അന്തരീക്ഷവും മലയോരത്തെ കോട മഞ്ഞും ഉരുള്‍ പൊട്ടല്‍ ഭീക്ഷണി നിലനിര്‍ത്തുന്നു . കല്ലേലിയില്‍ ഉരുള്‍ പൊട്ടി എന്നും അഭ്യൂഹം പരന്നു . എന്നാല്‍ ഇവിടെ ഉരുള്‍ പൊട്ടിയില്ല എന്നു കല്ലേലി തോട്ടം മെംബര്‍ സിന്ധു പറഞ്ഞു .
തോടുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ ചില സ്ഥലങ്ങളില്‍ വെള്ളം കയറി . ജില്ലയില്‍ ഒരു ഡാമും തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി വീണ ജോര്‍ജും വ്യക്തമാക്കി .
കോന്നി -കല്ലേലി അച്ചന്‍ കോവില്‍ കാനന പാത വഴി യാത്ര ചെയ്യരുത് എന്നു വനം ചെക്ക് പോസ്റ്റില്‍ നിന്നും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി .
മലയോരത്തെ മണ്ണ് കുതിര്‍ന്നു . പലസ്ഥലത്തും പുതിയ നീരുറവ പൊട്ടി . മഴയ്ക്ക് ശമനം ഇല്ലാതെ ഒരു ദിവസം കൂടി നീണ്ടു പോയാല്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ടു റവന്യൂ വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ചു .
മഴക്കെടുതികള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ഉണ്ട് . കോന്നി മേഖലയില്‍ വലിയ അനിഷ്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . എന്നാല്‍ വടശ്ശേരിക്കരയില്‍ കിണര്‍ ഇടിഞ്ഞു താണു . ഭൂമി കുലുക്കം പോലെ വലിയ ശബ്ദത്തോടെ ആണ് കിണര്‍ താണത് . തണ്ണിത്തോട് ,കൊക്കാത്തോട് മേഖലയില്‍ മണ്ണിടിച്ചില്‍ ഭീക്ഷണി നിലനില്‍ക്കുന്നു .