
മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ
(പാട്ടമ്മ, 101) അന്തരിച്ചു
konnivartha.com: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു.സിംഗപ്പുർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങിലും പാട്ടമ്മ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
കെ കെ വാദ്ധ്യാരുടെ മരണത്തിന് ശേഷം സൗദാമിനിയമ്മ കാഥികയെന്ന നിലയിലും തിളങ്ങി. 4 വർഷം മുൻപ് വരെ പാട്ടു പഠിപ്പിക്കുമായിരുന്നു. ഓർമ്മശക്തിക്കും ശബ്ദത്തിനും ഒരു കുഴപ്പവുമില്ലായിരുന്നു. സൗദാമിനിയമ്മ ഒരു ജൻമം പാട്ടിൽ ജീവിക്കുകയാണ്.കോന്നി വാര്‍ത്ത ആണ് പാട്ടമ്മയെ ജന മധ്യത്തില്‍ അവതരിപ്പിച്ചത് . പിന്നീട് നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ താരമായി . കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി .മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ ജാഥയിൽ കോന്നിയിലെത്തിയപ്പോൾ പാട്ടമ്മയെ ആദരിക്കുകയും പാട്ടു പാടണം എന്ന് പറയുകയും ചെയ്തിരുന്നു.
1921 ൽ മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തിൽ തന്നെ അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും തിരുവല്ല കെജി.കേശവപണിക്കരുടെ കീഴിൽ ഹാർമോണിയവും അഭ്യസിച്ചു. സംഗീത കച്ചേരികളിലുടെ ശ്രദ്ധേയായി. എംപി മൻമഥന്റെ സംഘത്തിൽ ഹാർമോണിയം വായിക്കാൻ ചേർന്നു. തുടർന്നാണ് കെ കെ വാദ്യാരുടെ സംഘത്തിലെത്തുന്നത്. മഹാകവി കുമാരനാശാന്റെ കരുണയും ദുരവസ്ഥയും ലീലയും ചങ്ങമ്പുഴയുടെ രമണനും ആയിരത്തിലധികം വേദികളിൽ അവരിപ്പിച്ചു.സംസ്കാരം ചൊവ്വാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ.
മകൻ: സി എസ് ഹരികുമാർ (കെഎസ്ആർടിസി)
മരുമകൾ: അജിത