ജില്ലാ ആസ്ഥാനത്തെ മാസ്റ്റര്‍ പ്ലാനില്‍ സമഗ്ര മാറ്റം ഉണ്ടാകുമെന്ന് നഗരസഭാ കൗണ്‍സില്‍

Spread the love

 

പത്തനംതിട്ട നഗരത്തിന് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നത് 1995 ല്‍ ആണ്. നിലവില്‍ പത്തനംതിട്ട, കുമ്പഴ മേഖലകള്‍ക്കായി അഞ്ച് സ്‌കീമുകളാണുളളത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം വലിയ മാറ്റങ്ങളാണ് ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായത്. സ്‌കീമുകളിലെ നിര്‍ദേശങ്ങളില്‍ പലതും കാലഹരണപ്പെട്ടു.

പദ്ധതി തയ്യാറാക്കിയതിനുശേഷം ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളും നിലവില്‍ തുടക്കം കുറിച്ചിട്ടുളള അബാന്‍ മേല്‍പാലം ഉള്‍പ്പെടെയുള്ള പദ്ധതികളും കണക്കിലെടുത്തായിരിക്കും പുതിയ രൂപകല്‍പ്പന. കുമ്പഴ മേഖലയ്ക്ക് പ്രത്യേക പ്‌ളാന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഉണ്ടാകും. അച്ചന്‍കോവിലാറിന്റെ തീരത്ത് വിശ്രമത്തിനും വിനോദത്തിനുമായുളള സൗകര്യങ്ങള്‍ ഒരുക്കും. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്.

റിംഗ് റോഡ്, ജനറല്‍ ആശുപത്രി,കളക്ടറേറ്റ്,ചുട്ടിപ്പാറ,വഞ്ചികപൊയ്ക വെള്ളച്ചാട്ടം,അഞ്ചക്കാല-ഒറ്റുകല്‍ മുരുപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്കായി സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കും. മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പിക്കാന്‍ വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കും.നിലവിലെ സ്‌കീമുകള്‍ പരിഷ്‌കരിക്കുന്നതിനും വിശദ നഗരാസൂത്രണ പദ്ധതി നിര്‍ദ്ദേശങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നതിനുമായി നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷനായുള്ള 17 അംഗ സ്‌പെഷ്യല്‍ കമ്മിറ്റിക്ക് കൗണ്‍സില്‍ രൂപം നല്‍കി.

സമയബന്ധിതമായി നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

error: Content is protected !!