
യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി
കോന്നി വാര്‍ത്ത : റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. ഈമാസം ഒന്നാം തീയതി കല്ലേറ്റ് ആണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ കൈയില്‍ കയറിപ്പിടിക്കുകയും തോളില്‍ തള്ളിമാറ്റുകയും ചെയ്തു. സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ രാജേഷിനെ (20) പിടികൂടി. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.