Trending Now

എട്ടുവയസ്സുകാരി ഇംഗ്ലീഷ്‌ പഠിപ്പിക്കും

Spread the love

 

KONNIVARTHA.COM : ലോകഭാഷയായ ഇംഗ്ലീഷിൽ കുട്ടികൾ എങ്ങനെയെങ്കിലും രണ്ടുവാക്ക്‌ സംസാരിച്ചു കേൾക്കാൻ രക്ഷകർത്താക്കൾ പഠിച്ചപണി പതിനെട്ടും പയറ്റുമ്പോൾ പന്തളത്ത്‌ ഒരു എട്ടുവയസ്സുകാരി സ്പോക്കൺ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ എടുക്കുന്ന വീഡിയോ തയാറാക്കി സമൂഹ മാദ്ധ്യമങ്ങളിൽ താരവും തരംഗവുമാകുന്നു.

 

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സുഹാ ഫാത്തിമ തയ്യാറാക്കിയ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ വീഡിയോയാണ് വാട്സ്‌ അപ്പ്‌ ഗ്രൂപ്പുകളിലൂടെ അതിവേഗം വൈറലാകുന്നത്. പെൺകുട്ടികളെ നിക്കാഹ്‌ കഴിക്കാൻ വരുന്ന ചെക്കന്മാരോട്‌ അവരുടെ ദുശ്ശീലങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ഇംഗ്ലീഷിൽ ചോദിച്ചറിയാനുള്ള എളുപ്പവഴിയാണ് സുഹ എന്ന കുട്ടി റ്റീച്ചർ ഒന്നരമിനിറ്റിൽ താഴെമാത്രം ദൈർഘ്യമുള്ള വാട്സ്‌ അപ്‌ വീഡിയോയിലൂടെ അവതരിപ്പിച്ചത്‌. വീഡിയോ പതിനായിരക്കണക്കിനു വാട്സ്‌അപ്‌ ഗ്രൂപ്പുകളിലൂടെ ഇതിനോടകം ഷെയർ ചെയ്യപ്പെട്ട്‌ കഴിഞ്ഞു.

വാട്ടർ അതോരിറ്റിയിലെ ജീവനക്കാരനും പന്തളം മങ്ങാരം മദീന കോട്ടേജ്‌ നിവാസിയുമായ ഷാനവാസ്‌ എ എച്ചിന്റെയും എസ്‌ ഷാജിദാ ബീവിയുടെയും ഇളയമകളാണു സുഹാ ഫാത്തിമ എന്ന ഈ കൊച്ചുമിടുക്കി. ലോകസഞ്ചാരിയും ഇംഗ്ലീഷ്‌ പ്രഭാഷകനുമായ അഡ്വ: ജിതേഷ്ജിയുടെ ശിക്ഷണത്തിലാണു സുഹാ ഫാത്തിമാ ഇംഗ്ലീഷിൽ അനായാസം ആശയവിനിമയം നടത്താനും പ്രസംഗിക്കാനും പരിശീലിക്കുന്നത്‌.

 

അമേരിക്കൻ / ആസ്ട്രേലിയൻ / ബ്രിട്ടീഷ്‌ അക്സന്റ്‌ , ഉച്ചാരണ പരിശീലനങ്ങളും ഇരുപതിലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ച്‌ അനേകായിരം വിദേശികളുമായി ഇംഗ്ലീഷിൽ സംവദിച്ച്‌ അനുഭവപരിചയമുള്ള ആംഗലേയ ഭാഷാപരിശീലകനായ ജിതേഷ്ജി സുഹയെ ഓൺലൈൻ ഗൂഗിൾ മീറ്റ്‌ മുഖേനയുള്ള ക്ലാസ്സിലൂടെ സജ്ജമാക്കിയിട്ടുണ്ട്‌. കൊറിയൻ പോപ്‌ സംഗീതറ്റ്രൂപ്പായ ബ്ലാക്ക്‌ പിങ്കിന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ പോപ്‌ പാട്ടുകളും ഇതിനോടകം ഈ എട്ടുവയസ്സുകാരി മന:പാഠമാക്കിക്കഴിഞ്ഞു.

 

വൈറലായ ഇംഗ്ലീഷ്‌ വീഡിയോയുടെ ക്യാമറ വർക്കും എഡിറ്റിംഗും നിര്‍വ്വഹിക്കുവാന്‍  സുഹയെ സഹായിച്ചത്‌‌ മൂത്തസഹോദരി ഒമ്പതാം ക്ലാസ്സുകാരിയായ സിതാര ഫാത്തിമയാണ് . . അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാംക്ലാസ്‌ വിദ്യാർത്ഥിനിയായ സുഹ ചിത്രരചനയിലും ഇംഗ്ളീഷ്‌ പ്രസംഗമത്സരങ്ങളിലും ഇംഗ്ലീഷ്‌ പദ്യം ചൊല്ലലിലും ഇതിനോടകം നിരവധി സമ്മാനങ്ങൾ നേടിക്കഴിഞ്ഞു. മുതിരുമ്പോൾ പാവപ്പെട്ട രോഗികളെ സൗജന്യമായി ചികിത്സിക്കുന്ന ഒരു ഡോക്റ്റർ ആയിത്തീരണമെന്നാണു ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം.

error: Content is protected !!