Trending Now

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ( 78)അന്തരിച്ചു

Spread the love

 

KONNIVARTHA.COM : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അല്‍പ സമയം മുമ്പ് ഹൃദായാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളുടെ  കടകള്‍ വെള്ളിയാഴ്ച  അടച്ചിടും

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ കെട്ടിപ്പടുത്തുയര്‍ത്തിയ നേതാവായിരുന്നു ടി. നസ്‌റുദ്ദീന്‍. പതിറ്റാണ്ടുകളായി അദ്ദേഹമാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ്.സംഘടനയെ കരുത്തുറ്റ പ്രസ്ഥാനമാക്കിമാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.

 

കേരളത്തിലെ വ്യാപാരികളുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായിരുന്നു അദ്ദേഹം. സംഘശക്തിക്കാട്ടി അധികാരികളുടെ മുമ്പില്‍ പല ആവശ്യങ്ങളും നേടിയെടുക്കുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. മൂന്നു പതിറ്റാണ്ടായി അദ്ദേഹം സംഘടനയുടെ മുഖ്യകാര്യദര്‍ശിയാണ്.

 

1991 മുതല്‍ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.1980ല്‍ മലബാര്‍ ചോംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചത്‌.

 

1984ല്‍ വ്യാവസായ ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. തൊട്ടടുത്ത വര്‍ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. വ്യാപാര സമിതി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ്പ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെംമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

1944 ഡിസംബറില്‍ കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹൈസ്‌ക്കുള്‍ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു.

 

ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്റ ടാംടണ്‍, അയ്‌ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്).

സഹോദരങ്ങള്‍: ഡോ. ഖാലിദ്(യു.കെ.), ഡോ. മുസ്തഫ(യു.എസ്.), മുംതാസ് അബ്ദുള്ള(കല്യാണ്‍ കേന്ദ്ര), ഹാഷിം (കംപ്യൂട്ടര്‍ അനലിസ്റ്റ്, യു.എസ്.), അന്‍വര്‍(ബിസിനസ്) പരേതനായ ടാംടണ്‍ അബ്ദുല്‍ അസീസ്, പരേതനായ െപ്രാഫ. സുബൈര്‍, പരേതനായ ടി.എ. മജീദ് (ഫാര്‍മ മജീദ്, ഫെയര്‍ഫാര്‍മ)

ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് നടക്കും

error: Content is protected !!