Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനിന് അടിയില്‍ വീണു മരിച്ചു

News Editor

ഫെബ്രുവരി 12, 2022 • 6:17 pm

തിരുവല്ല: ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനിന് അടിയില്‍ വീണു മരിച്ചു. കുന്നന്താനം നാട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു (32)വാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് അപകടം. മിഥുന്റെ മാതാവ് അജിത സുരേന്ദ്രനെ ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലേക്ക് യാത്രയയ്ക്കാന്‍ എത്തിയതായിരുന്നു അനു. അമ്മയെ സഹായിക്കുന്നതിനും സാധനങ്ങള്‍ അകത്ത് എടുത്തു വയ്ക്കുന്നതിനുമായി അനുവും ട്രെയിനില്‍ കയറിയിരുന്നു. ഇതിനിടെ ട്രെയിന്‍ നീങ്ങിതുടങ്ങി.

ഇതറിഞ്ഞ് പെട്ടെന്ന് ചാടി ഇറങ്ങുന്നതിനിടയിലാണ് സംഭവം. അനു കാല്‍ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയിലേക്ക് വീഴുകയായിരുന്നു. നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയില്‍പ്പെട്ട് രണ്ടു കാലും അറ്റു പോയി. പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തി ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ദുബായില്‍ ആയിരുന്ന മിഥുനും അനുവും ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മിഥുന്റെ സഹോദരി മൃദുലയുടെ വിവാഹത്തിനാണ് വന്നത്. ഒരാഴ്ച മുന്‍പ് മിഥുന്‍ മടങ്ങിപോയിരുന്നു. അടുത്ത മാസം 10ന് അനു ദുബായിലേക്കു പോകാനിരിക്കുകയായിരുന്നു. മൃദുലയും ഭര്‍ത്താവും
അനുവിനോടൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്നു. ചങ്ങനാശേരി കോട്ടമുറി ഇരുപ്പപുരയിടത്തില്‍ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകളാണ്.
സംസ്‌കാരം പിന്നീട്.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.