മൂന്ന് മുനിസിപ്പൽ കൗൺസിലർമാരെയും ഒരു പഞ്ചായത്ത് അംഗത്തെയും അയോഗ്യരാക്കി

Spread the love

konnivartha.com : ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെയും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറെയും വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരു അംഗത്തെയും കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിലക്ക് ഏർപ്പെടുത്തി.
ആതിര പ്രസാദ്, അനില രാജേഷ് കുമാർ, (ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി) ഷൈനി ആന്റണി, (കളമശ്ശേരി മുനിസിപ്പാലിറ്റി) സ്വാതി റെജികുമാർ (വെങ്ങോല ഗ്രാമപഞ്ചായത്ത്) എന്നിവരെയാണ് അയോഗ്യരാക്കിയത്.

 

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ 2015-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച 24-ാം വാർഡ് കൗൺസിലർ ആതിര പ്രസാദ്, 34-ാം വാർഡ് കൗൺസിലർ  അനില രാജേഷ് കുമാർ എന്നിവർ 2020 ജൂൺ 12 ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് 7-ാം വാർഡ് കൗൺസിലർ ഷൈനി ഷാജി ഫയൽ ചെയ്ത ഹർജിയിലാണ് രണ്ട്  കൗൺസിലർമാരെ അയോഗ്യരാക്കിയ കമ്മീഷന്റെ വിധി.

 

കളമശേരി മുനിസിപ്പാലിറ്റിയിൽ 2015ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി 3-ാം വാർഡിൽ നിന്നും വിജയിച്ച ഷൈനി ആന്റണി 2020 മാർച്ച് 7ന് നടന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനെ തുടർന്ന് 28-ാംവാർഡ് കൗൺസിലർ വഹാബ് എം.എ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്റെ വിധി.

 

 

എറണാകുളം ജില്ലയിലെ വെങ്ങോല ഗ്രാമപഞ്ചായത്തിൽ 2015ലെ പൊതുതിരഞ്ഞെടുപ്പിൽ 5-ാം വാർഡിൽ സിപിഐ (എം) സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സ്വാതി റെജികുമാർ 2019 ജനുവരി 10 ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പാർട്ടി നിർദേശത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ ലെജു (22-ാം വാർഡ്),  റംലാ ഷമീർ (20-ാം വാർഡ്) എന്നിവർ ഫയൽ ചെയ്ത ഹർജികൾ തീർപ്പാക്കിയാണ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചത്.

error: Content is protected !!