വിദേശത്ത് ജോലി നൽകാമെന്ന്  പറഞ്ഞ് ഒന്നരലക്ഷം തട്ടി, പ്രതി പിടിയിൽ

Spread the love

 

konnivartha.com  : ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ
നിന്നും ആകെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കൂടൽ പോലീസ് വലയിലാക്കി. തിരുവനന്തപുരംനെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് ഏൽ പി
സ്കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്.

 

ഇയാൾ ഇപ്പോൾ താമസിച്ചുവരുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്മെന്റിൽ
നിന്നാണ് പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ 17 നാണ് കേസിന് ആസ്പദമായ സംഭവം. .കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡിസംബർ 3 ന് കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .

 

ദുബായിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും മറ്റ് നാല് സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും 30000 രൂപ വീതം ആകെ ഒന്നര ലക്ഷം കൈവശപ്പെടുത്തുകയായിരുന്നു. വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നപ്പോൾ, പലതവണ പരാതിക്കാരനും സുഹൃത്തുക്കളും ഇയാളെ സമീപിക്കുകയും ബന്ധപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.

 

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചും മറ്റും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെതുടർന്ന് പ്രതിയെ ഇന്നലെ (18.02.2022)
താമസസ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. എസ് ഐ ദിൽജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിൽ ഇയാളെ തന്ത്രപരമായി
കുടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ ദിൽജേഷ്, എ എസ് ഐ ഗണേഷ് കുമാർ, സി പി ഓ സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts