സേതുരാമയ്യർക്ക്  വയസ് 34; സിബിഐ 5 ഉടൻ

Spread the love

 

മലയാളത്തിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സിബിഐ പരമ്പരയിലെ ആദ്യ ചിത്രം എത്തിയിട്ട് 34 വർഷങ്ങൾ പിന്നിടുന്നു. സിബിഐ5 ന്റെ സെറ്റിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കേക്ക് മുറിച്ചാണ് ഈ മധുരം ആഘോഷിച്ചത്. 1988, ഫെബ്രുവരി 18നാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസാകുന്നത്. കെ മധു-എസ്.എൻ സ്വാമി– മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് അന്ന് തമിഴ്നാട്ടിലും ചരിത്രവിജയം നേടിയിരുന്നു. സേതുരാമയ്യർ തരംഗമായി മാറിയതോടെ പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തുവന്നു. 17 വർഷങ്ങൾക്ക് ശേഷമാണ് അ‍ഞ്ചാം ഭാഗം ഒരുങ്ങുന്നത്.

 

മുകേഷും സായികുമാറും അടക്കം പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

ഒരേ സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത്; ലോക സിനിമാചരിത്രത്തില്‍ അപൂർവ്വ നേട്ടവുമായി സേതുരാമയ്യർ സി.ബി.ഐ

കെ.മധു 

ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം,സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌

സ്നേഹാദരങ്ങളോടെ,
കെ.മധു .

error: Content is protected !!