പള്‍സ് പോളിയോ : സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 27ന്

Spread the love

 

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതാ കുമാരി അറിയിച്ചു. ഈ മാസം 27 ന് രാവിലെ എട്ടിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍ രാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ജില്ലയില്‍ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും, ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തന സമയം. പ്രോഗ്രാമിന് ആവശ്യമായ വാക്സിനുകള്‍, മറ്റു സാമഗ്രികള്‍ തുടങ്ങിയവ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞതായി ഡിഎംഒ അറിയിച്ചു.

error: Content is protected !!