മൂലൂര്‍ സ്മാരകം വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കും- മന്ത്രി സജി ചെറിയാന്‍

Spread the love

 

മൂലൂര്‍ സ്മാരകം വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുകയും മൂലൂരിന്റെ ഡയറി സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സരസകവി മൂലൂര്‍ എസ്. പദ്മനാഭപണിക്കരുടെ 153 -ാമത് ജയന്തിയും സ്മാരകത്തിന്റെ 33-ാ മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാമൂഹ്യ സേവനത്തിനുള്ള ആയുധമായി സാഹിത്യത്തെ ഉപയോഗിച്ച ആളാണ് മൂലൂര്‍. ജാതീയമായ ഉച്ച നീചത്വങ്ങള്‍ക്ക് എതിരെ ശ്രീനാരായണ ഗുരുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. അനാചാരങ്ങള്‍ക്ക് എതിരെ ശബ്ദിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന കാലത്താണ് മുറജപം എന്ന അനാചാരത്തിനെതിരെ മഹാറാണിക്ക് കവിതയിലൂടെ മൂലൂര്‍ നിവേദനം എഴുതിയത്. ഇന്നത്തെ സമൂഹത്തിലും മൂലൂരിന്റെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയാണ് ഉള്ളത്. മൂലൂരിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണെന്നും, വളരെ മികച്ച രീതിയിലാണ് മൂലൂര്‍ സ്മാരക കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

വരേണ്യ വര്‍ഗത്തിന്റെ മാത്രം കുത്തകയായിരുന്ന എല്ലാ കാര്യങ്ങളും തന്റെ തൂലിക കൊണ്ട് തച്ചുടച്ച കവിയാണ് മൂലൂര്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ നമ്മെ ഓര്‍മിപ്പിക്കുന്നത് വര്‍ത്തമാന കാലത്തെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് എതിരെ പ്രതികരിക്കണം എന്നുള്ളതാണ്. മൂലൂരിന്റെ ഓര്‍മകള്‍ ഒരോരുത്തരുടെയും പ്രവര്‍ത്തി പഥങ്ങളില്‍ പ്രകാശമേകുമെന്നും മന്ത്രി പറഞ്ഞു.

 

ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞുമോന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എന്‍. രാധാചന്ദ്രന്‍, മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരകം പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മറ്റി അംഗം വി.ആര്‍. സജികുമാര്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ – സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!