അഞ്ചു മണിക്കൂറിൽ നാല് അപകടങ്ങളിലായി ഏഴു മരണം

Spread the love

 

പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഉണ്ടായ അപകടങ്ങളിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചത്

അഞ്ച് മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് അപകടങ്ങളിലായി ഏഴുപേർ മരിച്ചു. പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഉണ്ടായ അപകടങ്ങളിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മഴ തുടരുന്നതിനിടെയാണ് അപകടം.രാവിലെ 6.30ന് പത്തനംതിട്ട അടൂരിൽ- മൂന്നു മരണം : പത്തനംതിട്ട അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. തിരുവനന്തപുരം മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എം സി റോഡിൽ രാവിലെ 6.30 നായിരുന്നു അപകടം. എതിർദിശയിലേക്ക് വന്ന കാറിലുണ്ടായിരുന്ന ചടയമംഗലം സ്വദേശികളായ 4 പേർ പരിക്കേറ്റ് ചികിത്സയിലാണ്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്

പാലക്കാട് കല്ലടിക്കോട്ട്- രണ്ട് മരണം: കോഴിക്കോട് – പാലക്കാട് ദേശിയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മണ്ണാർക്കാട് പയ്യനടം രാജീവ് (49), മണ്ണാർക്കാട് കുന്ന് ജോസ് ശിവൻ (51) എന്നിവരാണ് മരിച്ചത്. രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും മണ്ണാർക്കാട് നിന്നുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതിൽ ഇടിച്ചു തകർത്തു. ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.

വയനാട് ബത്തേരിയിൽ- ഒരു മരണം: വയനാട് സുൽത്താൻ ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ബത്തേരി മണിച്ചിറ റോഡില്‍ അരമനയ് ക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറന്നാണ് അപകടം. പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വിണപ്പോൾ പുറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് റഫീഖ്.

കോട്ടയം കളത്തൂക്കടവിൽ – ഒരു മരണം: കോട്ടയം ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ കളത്തൂക്കടവ് വലിയ മംഗലത്ത് കെ എസ് ആർ ടി സി ബസും ഗ്യാസ് ഏജൻസിയുടെ വണ്ടിയും തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. രാവിലെ 11.30 ഓടെയാണ് സംഭവം. മേലുകാവ് എഴുകുംകണ്ടത്തിൽ ചാക്കോ എന്ന് വിളിക്കുന്ന റിൻസ് സെബാസ്‌റ്റ്യ(40 )നാണ് മരിച്ചത്. ഇൻഡെയ്ൻ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച റിൻസ്. ഈരാറ്റുപേട്ടയിൽ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയിൽ നിന്നും എരുമേലിക്ക് പോയ ഫാസ്റ്റ് പാസഞ്ചറിൽ ഇടിക്കുകയായിരുന്നു.

error: Content is protected !!