
konnivartha.com : അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം പ്രദാനം ചെയ്യുന്ന പ്രധാന നീർത്തടങ്ങളിലൊന്നാണ് കൊക്കാത്തോട്. കൊക്കാത്തോട്, ഒരേക്കർ എന്നി വനാന്തര ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത് ഈ നീർത്തടത്തിനുള്ളിലാണ്.
പമ്പയുടെ പോഷക നദിയായ കല്ലാറിൻ്റെ വൃഷ്ടി പ്രദേശവുമായി കൊക്കാത്തോട് നീർത്തടം അതിർത്തി പങ്കിടുന്നു. ഏകദേശം 30.023 ച.കിമിയാണ് ഈ നിർത്തടത്തിൻ്റെ വിസ്തൃതി. 2021 നവംബർ 11 ന് നീർത്തടത്തിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചതു മൂലം കൊക്കാത്തോടിൽ ജലനിരപ്പ് ഉയരുകയും ഒരേക്കറിൽ തോടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
ഇത്രയും വിസ്തൃതിയേറിയ ഒരു നീർത്തടത്തിൽ നിന്നും ഒഴുകുന്ന തോടിന് സമാന്തരമായി കടന്നു പോകുന്ന കൊക്കാത്തോട്- കല്ലേലി റോഡ് പലയിടങ്ങളിലും തോട്ടിൽ നിന്നും അധികം ഉയരമില്ലാതെയും മലചരിവുകളുടെ ഇടയിൽക്കൂടിയുമാണ് കടന്നു പോകുന്നത്. കൂടാതെ മലകളുടെ ചരിവുകളിൽ നിന്നും കനത്ത മഴയെ തുടർന്ന് കുത്തിയൊലിച്ചു വരുന്ന ജലം ചപ്പാത്തുകളിൽ വാഹന യാത്രക്കാർക്ക് അപകടം സൃഷ്ടിക്കാനും കാരണമാകും. അച്ചൻ കോവിലാറ്റിൽ എത്തുന്നതിന് മുൻപ് മറ്റു നീർച്ചാലുകൾ കൂടി ചേരുന്നതിനാൽ ശക്തമായ മഴ ഉണ്ടായാൽ കൊക്കാത്തോട് ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. മഴക്കാലങ്ങളിൽ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്.
news input : arun arayani