
തീവ്ര മഴ: ജാഗ്രതാ മുന്നൊരുക്കവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം
ജില്ലയില്‍ ഓഗസ്റ്റ് നാലു വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ കൃത്യമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഈ ദിവസങ്ങളില്‍ എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജില്ലയില്‍ തന്നെ തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോടും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും നിരോധിച്ചിരിക്കുന്നുവെന്നും മലയോരമേഖലയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു.
വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.ഒറ്റപ്പെടാന്‍ സാധ്യതയുള്ള കോളനികളില്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളും മറ്റ് സഹായങ്ങളും സുരക്ഷയും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെയും സന്നദ്ധ സേവകരുടെയും പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. പ്രളയ സാധ്യത മുന്നില്‍കണ്ട് ബോട്ടുകള്‍, ജെസിബി തുടങ്ങിയ രക്ഷാ ദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മിന്നല്‍ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ജില്ല മികച്ച ഏകോപനമായിരുന്നു നിര്‍വഹിച്ചത്. അന്ന് കാഴ്ചവച്ച അതേ രീതിയില്‍ ആവശ്യം വരുന്ന പക്ഷം രക്ഷാപ്രവര്‍ത്തനം നടത്തണം. നിലവില്‍ ഡാമുകളുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ അപകടസ്ഥിതിയുള്ള മേഖലകളില്‍ ഉള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നിര്‍ബന്ധമായും മാറണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തഹസില്‍ദാര്‍മാര്‍, ഡി ഡി പി, ഡി എം ഒ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ച് ഉത്തരവായി
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇക്കാര്യങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ പ്രസ്തുത പരാതികളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും അത്തരം പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005, 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ അതിതീവ്രമായ മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പും ഓഗസ്റ്റ് നാലിന് അതിശക്തമായ മഴയ്ക്കുള്ള(ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190.10 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റേയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.