
konnivartha.com / പത്തനംതിട്ട : പ്രായാധിക്യത്തിന്റെ അവശതയിലും, പക്ഷാഘാതമുണ്ടായതിന്റെ ബുദ്ധിമുട്ടുകളിലും ആരും നോക്കാനില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന വയോധികനെ അഭയസ്ഥാനത്ത് എത്തിച്ച് റാന്നി പോലീസ്. വടശ്ശേരിക്കര പള്ളിക്കമുരുപ്പ് തോട്ട പുത്തൻവിളയിൽ ഗോപാലകൃഷ്ണനാ (70)ണ് റാന്നി പോലീസ് സഹായം എത്തിച്ചത്.
ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥ പഞ്ചായത്ത് അംഗം ശ്രീജ മോളാണ് പോലീസിനെ അറിയിച്ചത്. പക്ഷാഘാതം സംഭവിച്ച് ,ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞതനുസരിച്ച്, റാന്നി ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എം ആർ സുരേഷ് കുമാർ , ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ വിവരങ്ങളന്വേഷിക്കാൻ ചുമതലപ്പെടുത്തി. ബീറ്റ് ഓഫീസർ അന്വേഷിച്ചപ്പോൾ വയോധികന്റെ ദയനീയ സ്ഥിതി ബോധ്യപ്പെടുകയും, എസ് എച്ച് ഓ യെ വിവരം ധരിപ്പിക്കുകയുമായിരുന്നു.
പോലീസ് ഇൻസ്‌പെക്ടർ, റാന്നി പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചതിനെതുടർന്ന് ആഗസ്റ്റ് 28 ന് ജനമൈത്രി പോലീസും റാന്നി പാലിയേറ്റിവ് കെയർ വൈസ് പ്രസിഡണ്ട് ഫാദർ ബിജു എ എ ചേർന്ന് സ്ഥലത്തെത്തി വിവരം തിരക്കി.
ഒറ്റക്ക് ദുരിതത്തിൽ കഴിയുകയാണെന്നും, സഹായിക്കാൻ ബന്ധുക്കൾ അരുമില്ലെന്നുമുള്ള വിവരം എസ് എച്ച് ഓയെ അറിയിക്കുകയും, തുടർന്ന് ജനമൈത്രി പോലീസിൻ്റെയും, പാലിയേറ്റിവ് കെയറിൻ്റെയും ആഭിമുഖ്യത്തിൽ, അലപ്പുഴ എടത്വ, ആനപ്രമ്പാല ജെ എം എം ജൂബിലി അഗതി മന്ദിരത്തിൽ എത്തിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. ഇന്നലെ എസ് എച്ച് ഓ മുൻകയ്യെടുത്ത് ബീറ്റ് ഓഫീസർ അശ്വധീഷ് , ഫാദർ ബിജു എ എസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, പദ്മ ലേഖ എന്നിവരുടെ സാനിധ്യത്തിൽ അഗതി മന്ദിരത്തിൽ
വയോധികനെ എത്തിച്ചു. റാന്നി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത്തരം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും, ഇത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.