
konnivartha.com : ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും.
ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും തദ്ദേശ സ്വയംഭരണ വാര്‍ഡ് തലത്തിലും സ്കൂള്‍, കോളജ് തലത്തിലും സമിതികള്‍ പ്രവര്‍ത്തിക്കും. ജില്ലാതല സമിതിയുടെ അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടറുമാണ്.
എംപിയും ജില്ലയിലെ എംഎല്‍എമാരും പ്രത്യേക ക്ഷണിതാക്കളുമായിരിക്കും. ജില്ലാ പോലീസ് മേധാവി, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, കായികവും യുവജനക്ഷേമവും വകുപ്പ് പ്രതിനിധി, കൊളീജിയേറ്റ്/ ടെക്നിക്കല്‍/ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമാണ്.
ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓരോ ക്ലാറൂമിലും ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി നടത്തുന്ന പ്രസംഗം ക്ലാസില്‍ കേള്‍പ്പിക്കും. ഒക്ടോബര്‍ ആറിനും ഏഴിനും എല്ലാ വിദ്യാലയത്തിലും രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടു മുതല്‍ 12 വരെ ലൈബ്രറി/ഹോസ്റ്റലുകള്‍/ക്ലബുകള്‍
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ 14 വരെ നടത്തുന്ന സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ പരിപാടികളില്‍ ലഹരി വിരുദ്ധ പ്രചാരണം ഉള്‍പ്പെടുത്തും. പട്ടികജാതി/ പട്ടികവര്‍ഗ സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന് പ്രത്യേകമായി നടത്തും. പ്രമോട്ടര്‍മാര്‍ക്ക് ഇതിനുള്ള ചുമതല നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴില്‍ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചാരണം നടത്തും. ഒക്ടോബര്‍ 15 മുതല്‍ 22 ഇതിനായി പ്രത്യേക കാമ്പയിന് നടത്തും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ ഒന്‍പതിന് ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. ലോകഭക്ഷ്യദിനമായ ഒക്ടോബര്‍ 16ന് വൈകുന്നേരം നാലു മുതല്‍ ഏഴു വരെ എല്ലാ വാര്‍ഡുകളിലും തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ ജനജാഗ്രതാ സദസ് നടത്തും. ഒക്ടോബര്‍ 24ന് ദീപാവലി ദിനത്തില്‍ ലഹരി വിരുദ്ധ ദീപം തെളിക്കല്‍ നടത്തും. ഒക്ടോബര്‍ 22ന് എംപി, എംഎല്‍എമാരുടെ നേതൃത്വത്തില്‍ ദീപം തെളിക്കല്‍. ഒക്ടോബര്‍ 23നും 24നും എല്ലാ ഗ്രന്ഥശാലകളിലും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
ഒക്ടോബര്‍ 25ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരേ ദീപം തെളിക്കല്‍. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മയക്കുമരുന്ന് കത്തിക്കലും ലഹരി വിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും. ഈ പരിപാടിയുടെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 30നും 31നും വിളംബര ജാഥകള്‍ വ്യാപകമായി സംഘടിപ്പിക്കും.
ഗാന്ധിജയന്തി വാരാഘോഷം; ലഹരി വിമുക്ത കേരളം പ്രചാരണം
ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് പത്തനംതിട്ടയില്‍
ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും സ്കൂള്‍ തലങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനത്തില്‍ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷം, ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ സംഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി., എന്‍.എസ്.എസ്., സ്കൗട്ട്സ്, ഗൈഡ്സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
8.30 ന് റാലി ഗാന്ധിസ്ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന് എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്വാഗതവും എഡിഎം ബി. രാധാകൃഷ്ണന് നന്ദിയും പറയും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം വകുപ്പ് തല ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് നടത്തുമെന്നും എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.
‘ലഹരി വിമുക്ത കേരളം’ പ്രചാരണത്തോടനുബന്ധിച്ച് സ്കൂളുകള്‍, ലൈബ്രറികള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ജനകീയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യുപി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘ലഹരി വിമുക്ത കേരളം’ എന്ന വിഷയത്തില്‍ പെയിന്റിംഗ് മത്സരവും ഉപന്യാസരചന മത്സരവും സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്, വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ എസ്. സുനില്‍കുമാരപിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഏലിയാസ് തോമസ്, പത്തനംതിട്ട ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജാന്‍സി മേരി വര്‍ഗീസ്, ഗവ ബോയ്സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ശോഭ ആന്റോ, പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് അജിത്ത് ആര് പ്രസാദ്, ഡെപ്യുട്ടീ മാസ് മീഡിയാ ഓഫീസര്‍ ആര്. ദീപ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജിനു ഏബ്രഹാം, കുടുംബശ്രീ മിഷന് പ്രതിനിധികളായ രമ്യ എസ് നായര്‍, ആര്. രേഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സതീഷ്, എസ്. അനില്‍കുമാര്‍, പി.ജി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.