
konnivartha.com : പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി
സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഡോക്ടറുടെ അലംഭാവമാണ് കുഞ്ഞ് മരിക്കാൻ ഇടയായതെന്നാണ് ബന്ധുക്കളുടെ പരാതി. വിനീത്, രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ആശുപത്രി അധികൃതരോ സൂപ്രണ്ടോ ഉൾപ്പെടെയുള്ളവർ തയ്യാറായിട്ടില്ല.
മരിച്ചു പോയ കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അവർ പറയുന്നതനുസരിച്ച് ബുധനാഴ്ചയാണ് യുവതിയെ പ്രസവത്തിനായി അടൂർ ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച പ്രസവവേദന അറിയിച്ചിട്ടും ഡോക്ടർ എത്തിയില്ല. കഠിനമായ വേദന കൊണ്ട് പെൺകുട്ടി കരഞ്ഞു. തുടർന്ന് ബന്ധുക്കൾ നഴ്‌സുമാരെയും ഡോക്ടർമാരെയും വിവരം അറിയിച്ചു. പക്ഷേ അപ്പോഴൊന്നും വേണ്ട ചികിത്സ ലഭ്യമാക്കാനോ ഓപ്പറേഷൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാനോ തയ്യാറായില്ല. പിന്നീട് കുട്ടിയ്ക്ക് അനക്കമില്ല എന്ന് മാതാവ് തന്നെയാണ് ഡോക്ടറെയും നഴ്‌സുമാരെയും അറിയിച്ചത്. അതിനുശേഷം ഇവരുടെ ബന്ധുക്കളിൽ നിന്ന് നിരവധി പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഒരു ഓപ്പറേഷൻ നടത്താൻ പോലും ആശുപത്രി അധികൃതർ തയ്യാറായത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കഴുത്തിൽ പൊക്കിൾക്കൊടി കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.