Trending Now

കിണറ്റിലെ മോട്ടോർ പമ്പുകൾ മോഷ്ടിക്കുന്നയാളെ പിടികൂടി

Spread the love

 

പത്തനംതിട്ട : കിണറ്റിലെ മോട്ടോർ പമ്പ് മോഷ്ടിച്ചയാളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോൾ, മുമ്പും ഇത്തരത്തിൽ മോഷണം നടത്തിയതായി കുറ്റസമ്മതമൊഴി. തുടർന്ന് രണ്ട് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട പ്രതി റിമാൻഡിൽ. പന്തളം തെക്കേക്കര പറന്തൽ മൈനാപ്പള്ളിൽ ജംഗ്ഷന് സമീപം കണ്ണൻ കുന്നിൽ പടിഞ്ഞാറേ ചരുവിൽ ഭാരതിയുടെ മകൻ വാഴമുട്ടം അജി എന്ന് വിളിക്കുന്ന അജി കുമാർ (34) യാണ് പന്തളം പോലീസിന്റെ പിടിയിലായത്.

 

ഞായർ വൈകിട്ട് 4 മണിക്കും ചൊവ്വാഴ്ച്ച വൈകുന്നേരത്തിനുമിടയിലാണ്, പെരുംപുളിക്കൽ പടിഞ്ഞാറ്റേതിൽ തെക്കേ മുകടിയത്ത് കിട്ടന്റെ മകൻ ഭാസ്കരന്റെ വീടിനോട്‌ ചേർന്നുള്ള പുരയിടത്തിലെ കിണറിനുള്ളിൽ ഇട്ടിരുന്ന 18000 രൂപ വിലവരുന്ന മോട്ടോറും 30 മീറ്റർ വയറും പ്രതി മോഷ്ടിച്ചത്. ഭാസ്കരന്റെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷിച്ചുവരവേയാണ് നിർണായക വഴിത്തിരിവുണ്ടായത്.

 

മോഷണമുതലുകൾ വിൽക്കുന്നതിനായി പ്രതി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവർ പുഷ്പാoഗദന്റെ മൊഴി പോലീസിനെ പ്രതിയിലേക്ക് എത്തിക്കുകയായിരുന്നു.

ഇയാളുടെ ഓട്ടോയിലാണ് അജി പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലുള്ള ആക്രിക്കടയിൽ മോട്ടോർ പമ്പുകളും വയറും വിറ്റത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈനാപ്പള്ളിൽ ക്ഷേത്രത്തിനു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇത്തരത്തിൽ മുമ്പും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

 

ഈമാസം 19 ന് രാത്രി ഏട്ടരയ്ക്ക് പന്തളം തെക്കേക്കര പേരുംപുളിക്കൽ പഞ്ഞിപ്പുല്ലുവിളയിൽ രാധാകൃഷ്ണപിള്ളയുടെ മകൻ രാജേഷിന്റെ വീട്ടിലെ കിണറ്റിലെ മോട്ടോർ പമ്പ് മോഷ്ടിച്ചുവെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ആക്രിക്കടയിൽ നിന്നും അന്വേഷണസംഘം രണ്ട് മോട്ടോർ പമ്പുകളും വയറും കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സമീപം അടുത്തിടെ മറ്റ് മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നറിയാൻ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ നേതൃത്വം നൽകിയ അന്വേഷണത്തിൽ എസ് ഐ ശ്രീജിത്ത്‌ ബി എസ്, സി പി ഓ അർജുൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!