Trending Now

സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടെ പ്രാദേശികമായി സജീവമാക്കണം: ജില്ലാ കളക്ടര്‍

Spread the love

 

konnivartha.com : ജില്ലയില്‍ ഓരോ പോലീസ് സ്റ്റേഷന്‍ തലത്തിലും പ്രാദേശികമായുള്ള സമാധാന കമ്മിറ്റികള്‍ ജനപങ്കാളിത്തത്തോടു കൂടി സജീവമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും മത സൗഹാര്‍ദം നിലനിര്‍ത്തുന്നതുമായും ബന്ധപ്പെട്ടു ചേര്‍ന്ന കമ്യൂണല്‍ ഹാര്‍മണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോകും. പൊതുജന മധ്യത്തില്‍ സാമൂഹിക സമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സാമൂഹിക അവബോധം സൃഷ്ടിക്കാനുമുള്ള നടപടികള്‍ എല്ലാ തലങ്ങളിലും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെയും നടപ്പാക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കൃത്യമായ ഇടവേളകളില്‍ കമ്യുണല്‍ ഹാര്‍മണി മീറ്റിംഗ് ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൃത്യമായി മാപിംഗ് നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ല ഡിവൈഎസ്പിമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!