Trending Now

കോന്നി ടൗണിലെ റോഡ് നിര്‍മാണം: കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് മന്ത്രിയുടെ പരസ്യ ശാസന

Spread the love

 

konnivartha.com : കോന്നി ടൗണിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവര്‍ത്തികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി സുഗമമായ തീര്‍ത്ഥാടന സൗകര്യം ഒരുക്കുക ലക്ഷ്യമിട്ട് ജില്ലയിലെ പ്രധാന റോഡുകളില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് കോന്നി ടൗണിലെ ശോചനീയാവസ്ഥ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ കോന്നി ടൗണില്‍ കരാര്‍ കമ്പനി ജീവനക്കാരെ വിളിച്ച് വരുത്തി സ്ഥിതി വിലയിരുത്തുകയായിരുന്നു.

ആര്‍ഡിഎസ് സിവിസിസി കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. ആറു മാസമായി കോന്നി ടൗണ്‍ നവീകരണം മുടങ്ങി കിടക്കുകയാണ്. നിരന്തരം പരാതികള്‍ വ്യാപാരികളുടെയും നാട്ടുകാരുടെയും ഭാഗത്തു നിന്ന് ഉയര്‍ന്നിരുന്നു. എംഎല്‍എ നിരന്തരം യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ മാസം 24 നു നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കരാര്‍ കമ്പനി മന്ത്രിക്ക് ഉറപ്പ് നല്‍കി.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാര്‍, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കെഎസ്ടിപി – പിഡബ്ലുഡി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!