ഭാരതത്തിന്‍റെ  പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണം : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

konnivartha.com : ഭാരതത്തിന്റെ പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതിരിക്കാന്‍ വേണ്ട പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളും യുവ തലമുറയും പ്രകൃതിദത്തമായ ഔഷധസസ്യങ്ങളെയും പാരമ്പര്യ ചികിത്സകളെയും പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വീട്ടിലും എല്ലാദിവസവും ആയുര്‍വേദം എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ആയുര്‍വേദ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
നിര്‍വഹിച്ചു. ജീവിതശൈലി രോഗം നിര്‍ണയത്തിനായുള്ള സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുതാകുറിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യങ്കാവില്‍, ബ്ലോക്ക് അംഗം വി. പ്രസാദ്, വാര്‍ഡംഗം സുബിന്‍, ആശുപത്രി വികസന സമിതി അംഗം സാംകുട്ടി പാലയ്ക്കാ മണ്ണില്‍, എഎംഎഐ ജില്ലാ സെക്രട്ടറി ഡോ. ബി.ഹരികുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ.സി അലക്‌സാണ്ടര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം. മനോജ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.വി കുമാരി രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts