പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്

Spread the love

 

konnivartha.com : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തെ പക്ഷിപ്പനിബാധയെക്കുറിച്ച്  അന്വേഷിക്കാനായി ഉന്നതതല സംഘത്തെ അയക്കും. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വിശദമായി പരിശോധിച്ച് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും.
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്,  ന്യൂഡൽഹി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം. ബംഗലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്.
പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ  കേന്ദ്രസംഘം സഹായിക്കും.

ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാം.

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍     രോഗബാധ ഏല്‍ക്കാതിരിക്കാനുളള പ്രതിരോധ മാർഗം സ്വീകരിക്കുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുകയും വേണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.

ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപകര്‍ച്ചക്ക് സാധ്യതയുളള സാഹചര്യത്തിലുളളവര്‍ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുളള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരെയോ സമീപിക്കണം.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ എടത്വ, തലവടി, തകഴി പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വില്‍പ്പനയും കടത്തലും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ നാലംഗ സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍(ഡി.എം) എസ്. അനീഷ് കുമാര്‍, ക്ലാര്‍ക്ക് വി.എം മനുമോന്‍, ഡ്രൈവര്‍ തന്‍സില്‍, ബോട്ട് ഡ്രൈവര്‍ ശരത്‌ലാല്‍ എന്നിവരടങ്ങിയ സ്ക്വാഡാണ് രൂപീകരിച്ചത്.

പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടത്. ഇന്ന് (ഒക്ടോബർ 28) മുതൽ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികൾ ആരംഭിക്കും.

20,471 താറാവുകളെയാണ് കൊന്നൊടുക്കുന്നത്. എട്ട് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ്‍ നടത്തുന്നത്‍. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.

കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ ജനപ്രതിനിധികൾ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്ടോബർ 30വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി. ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

 

error: Content is protected !!