
പത്തനംതിട്ട.: അടിപിടി, ബൈക്ക് മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിന് പന്തളം പോലീസ് പിടികൂടി.
പന്തളം ഉളനാട് ചിറക്കരോട്ട് മോഹനൻ (38) ആണ് അറസ്റ്റിലായത്. തുമ്പമൺ സ്വദേശി അലക്സാണ്ടറുടെ പാഷൻ പ്രൊ ഇന്നത്തിൽപ്പെട്ട ബൈക്ക് ഞായർ വൈകിട്ട് 5 മണിയോടെ
തുമ്പമൺ സാംസ്കാരിക നിലയത്തിന്റെ സമീപത്തുനിന്നും മോഷണം പോയിരുന്നു.
പരാതി പോലീസ് സ്റ്റേഷനിൽ കിട്ടിയപ്പോൾ തന്നെ പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലേക്ക് തെരച്ചിലിനായി അയച്ചു. നിരവധി സ്ഥലങ്ങളിലെ സി സി ടീ വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇരുചക്ര വാഹന മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ച് എസ് ഐ ബി എസ്
ശ്രീജിത്തും സി പി ഓ ബിനു രവീന്ദ്രനും അടങ്ങിയ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ബൈക്ക് മോഷണ കേസുകളിൽ പ്രതിയാകുകയും, അടിപിടി ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള മോഹനനിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു.
കോടതികളിൽ വാറന്റുകളും ഇയാളുടെ പേരിൽ നിലവിലുണ്ട്. പന്തളം മങ്ങാരം മുളമ്പുഴ
ഭാഗത്ത് ഇയാളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം അവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു. പന്തളം പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ റിമാൻഡിലായി, തുടർന്ന് 2021 ൽ ജയിൽ മോചിതനായശേഷം, ഇയാൾ പോലീസിന്റെ
നിരന്തരനിരീക്ഷണത്തിലായിരുന്നു. പന്തളം, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിൽ 2018 മുതൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.