Trending Now

കോന്നിയില്‍ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്നു

Spread the love

 

കോന്നി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുരിങ്ങമംഗലത്ത് കോന്നി മെഡിക്കൽ കോളേജ് റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന നാൽപ്പത്തി ഒൻമ്പതാം നമ്പർ അങ്കണവാടിയുടെ ചുറ്റുമതിൽ തകർന്ന് കുട്ടികൾക്ക് അപകടഭീഷണി ഉയർത്തുന്ന നിലയിലെന്ന് പരാതി.

 

ഇരുപത്തഞ്ചോളം കുട്ടികൾ ദിനം പ്രതി എത്തുന്ന കെട്ടിടത്തിൻ്റെ ചുറ്റുമതിലാണ് മാസങ്ങളായി ഒരുഭാഗം തകർന്ന് അപകട നിലയിൽ തട്ടി നിൽക്കുന്നത്. കുട്ടികൾക്ക് വേണ്ടിയുള്ള വലിയ ഊഞ്ഞാലിന്‍റെ സ്റ്റാൻഡിൽ മതിലിൻ്റെ വലിയ ഒരു ഭാഗം തട്ടി നിൽക്കുകയും ബാക്കി ഭാഗം പൊളിഞ്ഞു വീണ അവസ്ഥയിലുമാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് തകർന്നതാണ്.

 

ചുറ്റു മതിൽ അപകട ഭീഷണി ഉയർത്തുന്നതിനാൽ വെളിയിൽ ഉള്ള കളികൾ ഒന്നും കുട്ടികളെ കളിപ്പിക്കാനോ മുറ്റത്തേക്ക് ഇറക്കാനോ സാധിക്കുന്നില്ല. ചുറ്റുമതിൽ തകർന്നതിനാൽ തെരുവ് നായ ശല്യവും ഉണ്ടാകുന്നതായി ടീച്ചറായ ലൈലമ്മ പറയുന്നു.

 

അങ്കണവാടിയുടെ ഉള്ളിലേക്ക് കയറുന്ന ഗെയിറ്റിനോട് ചേർന്ന വലിയ കോൺക്രീറ്റ് ഭാഗം അപകട ഭീഷണി ഉയർത്തുന്നതിനാൽ കുട്ടികളെ വിടുന്നതിൽ ആശങ്കയിലാണ് രക്ഷകർത്താക്കളും.എന്നാൽ നിരവധി തവണ എസ്റ്റിമേറ്റ് വച്ചെങ്കിലും പണികൾ ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെന്നും പുതിയ എസ്റ്റിമേറ്റ് വച്ചത് കരാർ ഏറ്റെടുത്തുവെന്നും പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും വാർഡ് മെമ്പറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ സുലേഖ വി നായർ പറഞ്ഞു.

റിപ്പോര്‍ട്ട്‌ : അനു ഇളകൊള്ളൂര്‍ 

error: Content is protected !!