Trending Now

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റ് ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവിട്ടു

Spread the love

 

പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രശ്‌നങ്ങളില്‍മേല്‍ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തെഴുതിയത്. വീണാ ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെ നിര്‍മ്മാണ കാലയളവില്‍ തന്നെ അന്നത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഒരു സാങ്കേതിക സമിതിയെക്കൊണ്ട് അന്വേഷിക്കുകയും കുറച്ച് റെക്ടിഫിക്കേഷന്‍ നടപടികള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോഴും ട്രെയിനേജ് ഓവര്‍ ഫ്‌ളോ ചെയ്യുന്നുണ്ട്. മാത്രമല്ല ചോര്‍ച്ചയുമുണ്ട്.

 

ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമലക്കാലമായതിനാല്‍ ധാരാളം തീര്‍ത്ഥാടകരെത്തുന്നുണ്ട്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സാങ്കേതിക സമിതി അന്വേഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രി വീണാ ജോര്‍ജ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

error: Content is protected !!