
മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കും – വനം മന്ത്രി.
അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
KONNIVARTHA.COM /തിരുവനന്തപുരം : മരം മുറി തടസ്സം നിൽക്കുന്ന വനം ഉദ്യോഗസ്‌ഥരുടെ നടപടി പരിശോധിക്കുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പട്ടയ ഭൂമിയിലെ മരം മുറിച്ചു ഉപയോഗിക്കുന്നതുമായി ബന്ധപെട്ട് കൊണ്ട് നിലനിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസ്സം നിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടയ ഭൂമിയിലെ സംരക്ഷിത മരങ്ങൾ ഒഴിച്ചുള്ള കർഷകർ നട്ടു വളർത്തിയ മരങ്ങൾ കർഷകർ മുറിക്കുന്നത് അനാവശ്യ വാദങ്ങൾ ഉയർത്തി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസപ്പെടുത്തുകയാണെന്ന് എം എൽ എ സഭയിൽ ഉന്നയിച്ചു. ഇത് കേരളത്തിന്റെ പലഭാഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്വീകരിച്ചു വരികയാണെന്ന് എം എൽ എ പറഞ്ഞു. ഇത് കോന്നി മേഖലയിലെ കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് എം എൽ എ പറഞ്ഞു.
1986 ലെ പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് പ്രകാരം “വൃക്ഷം എന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ട് പോലുമില്ലാത്ത ചില മരങ്ങൾ മുറിക്കുന്നതിന് പോലും തടസ്സം നിൽക്കുന്നു”.നിലവിലുള്ള നിയമത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചില വനം വകുപ്പ് ഉദ്യോഗസ്‌ഥർ.
1960 ലെ ഭൂമി പതിവ് നിയമം 64 ചട്ടമനുസരിച്ചാണ് പട്ടയം നൽകിയ പ്രാദേശമാണ് കോന്നി മണ്ഡലത്തിലെ നിരവധി പ്രദേശങ്ങൾ. തടി വിലയും തറവിലയും അടച്ചു കർഷകർക്ക് പതിച്ചു നൽകിയ ഭൂമിയിൽ എങ്ങനെയാണ് അതിന്റെ വിനിയോഗമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്തരം ഭൂമിയിലെ മരം മുറിച്ചാൽ സംരക്ഷിത മരങ്ങളായ ചന്ദന വും എബണിയുമൊന്നുമല്ലാത്ത കർഷകർ നട്ടു വളർത്തിയ പ്ലാവും ആഞ്ഞിലിയും മുറിച്ചാൽ 1995 ലെ പട്ടയം നൽകിയ ഭൂമിയിലെ ചട്ടം 3,4 എന്നിവ വയലേഷൻ നടത്തിയെന്ന് കാണിച്ചു വനം വകുപ്പ് കേസ് രെജിസ്റ്റർ ചെയ്യുകയാണ്. പട്ടയഭൂമിയിലെ റിസർവ് ചെയ്ത മരങ്ങൾ മുറിക്കുന്നതിനാണ് നിയമപരമായ തടസ്സവും അനുമതി ആവശ്യവും ഉള്ളത്. ഉദ്യോഗസ്‌ഥർ ഈ നിയമമാണ് ദുർവ്യാഖ്യാനം ചെയ്യുന്നത്.കേരളാ ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 27 പ്രകാരവും ചിലയിടങ്ങളിൽ കേസ്സെടുക്കുന്നു. ഇത്തരം കേസ്സുകളിൽ പലതും കോടതിയിൽ നിലനിൽക്കുന്നില്ല എങ്കിലും കേസ്സ് കാലയളവിൽ തന്നെ തടി നശിച്ചുപോകുകയാണ്. രോഗികളായ കർഷകർ പോലും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
മുട്ടിൽ മരംമുറി സംഭവം മുൻനിർത്തിയാണ് ഇത്തരം കേസ്സുകൾ എടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നത്. ഇത് ഉടൻ അവസാനിപ്പിച്ച് മരംമുറിക്കാൻ അനുമതി നല്കണമെന്നും എം.എൽ.എ സബ്മിഷനിലൂടെ അഭ്യർത്ഥിച്ചു.
പട്ടയഭൂമിയിലെ മരം മുറിയുടെ അവ്യക്ത്ത നീക്കാൻ നടപടി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി റവന്യൂ വകുപ്പ് മന്ത്രിയുമായും കൂടിയാലോചന നടത്തിയിട്ടുണ്ട്. അവ്യക്തത മാറ്റാൻ നിർദ്ദേശം സമർപ്പിക്കാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.