
konnivartha.com : അടൂരില്‍ നിന്നും നിലവിലുള്ള പെരിക്കല്ലൂര്‍ സര്‍വീസ് കൂടാതെ എറണാകുളം കോഴിക്കോട് വഴി പുതിയ റൂട്ടില്‍ ഒരു ദീര്‍ഘദൂര സര്‍വീസ് കൂടി ആരംഭിക്കുന്നതിന് കെഎസ്ആര്‍ടിസി അനുമതിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
പുതിയ സര്‍വീസ് തുടങ്ങുന്നതിനും നിര്‍ത്തിവെച്ച അടൂര്‍ – മണിപ്പാല്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനും ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. അടൂര്‍ – മണിപ്പാല്‍ സര്‍വീസും പുനരാരംഭിക്കുന്നതിന് വേണ്ട നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
കോഴിക്കോട്, പാലക്കാട് എന്നീ ഡിപ്പോകളില്‍ നിന്നും പുതിയ അടൂര്‍ – പെരിക്കല്ലൂര്‍ സര്‍വീസിനായി വേണ്ടുന്ന ബസുകള്‍ കെഎസ്ആര്‍ടിസി മാനേജര്‍ മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്ക് ഷോപ്പ് അടൂര്‍ ഡിപ്പോയ്ക്ക് ഇതിനകം ക്രമീകരിച്ചു നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വണ്ടികള്‍ അടൂരില്‍ എത്തുന്ന മുറയ്ക്ക് സര്‍വീസിന്റെ ടൈം ഷെഡ്യൂള്‍ അനുമതി കൂടി ലഭ്യമാക്കുന്നതോടെ പുതിയ സര്‍വീസ് ഉടന്‍ തുടങ്ങും. അടൂര്‍, കോട്ടയം, കാഞ്ഞിരമറ്റം, എറണാകുളം, നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍, പൊന്നാനി, കോഴിക്കോട്, പെരിക്കല്ലൂര്‍ വഴിയാണ് പുതിയ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
അടൂര്‍ ഡിപ്പോ, പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും ഡിപ്പോയുടെ മറ്റു വികസനങ്ങള്‍ സാധ്യമാക്കുന്നതിനും ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ആലോചനയോഗം ചേരുന്നതിന് ഡെപ്യൂട്ടി സ്പീക്കര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 22ന് യോഗം ക്രമീകരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. അടൂര്‍ മണ്ഡലത്തിലെ പ്രാദേശിക ഷെഡ്യൂളുകള്‍ അടക്കമുള്ള കെഎസ്ആര്‍ടിസി വികസനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഈ യോഗത്തിലൂടെ പരിഹാരം കാണുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.