പെരുന്നാട്ടില്‍ പശുക്കളെ ആക്രമിച്ചു കൊന്നത് കടുവ തന്നെ : കൂട് വെച്ച് പിടിക്കാന്‍ കടമ്പകള്‍ ഏറെ

Spread the love

 

മൂന്നു ദിവസം തുടര്‍ച്ചയായി പെരുനാട്ടുകാരെ ഭീതിയിലാക്കിയത് കടുവയെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. രണ്ടു പശുക്കളെ ആക്രമിച്ചു കൊന്ന സ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞു. വളരെ രഹസ്യമായി സൂക്ഷിച്ച ചിത്രം പുറത്തായതോടെ വനംവകുപ്പ് വെട്ടിലായി . ഇത് അവിടെ നിന്നുള്ള ചിത്രമല്ലെന്നും പഴയ ചിത്രമാണ് പ്രചരിക്കുന്നതെന്നും പറഞ്ഞ് തലയൂരാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍, പശുവിന്റെ ജഡവും മറ്റ് പശ്ചാത്തലവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തു വന്നതോടെ വനംവകുപ്പിന്റെ വാദം പൊളിഞ്ഞു.

ഇതിനിടെ പശുക്കളെ കൊന്നത് കടുവ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കൂടി അറിയിച്ചതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിയായി. പശുവിന്റെ കഴുത്തിന്റെ ഭാഗത്തെ എല്ല് കട്ടിയുള്ളതാണന്നും ഇതിന് പരുക്ക് ഏല്‍ക്കണമെങ്കില്‍ കടുവ പോലെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിലെ സംഭവിക്കുകയുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. വാളിന് വെട്ടിയാല്‍ പോലും പൊട്ടലുണ്ടാകാത്ത പശുക്കളുടെ ശ്വാസകോശത്തിനു മുകളിലെ എല്ലിന് പരിക്കുണ്ടായിരുന്നു. ഇതാണ് കടുവ തന്നയാണ് പശുക്കളെ ആക്രമിച്ചതെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണമായത്.

പക്ഷേ, പെരുനാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു. കഴിഞ്ഞ നാല് ദിവസങ്ങളില്‍ അടുപ്പിച്ചുണ്ടായ കടുവയുടെ ആക്രമണത്തില്‍ രണ്ട് ക്ഷീരകര്‍ഷകരുടെ പശുക്കളാണ് ചത്തത്. ഇതില്‍ ഒരെണ്ണം പൂര്‍ണ ഗര്‍ഭിണിയും മറ്റൊന്ന് ദിവസവും 10 ലിറ്റര്‍ അധികം പാല്‍ കറന്നു കൊണ്ടിരുന്നതുമാണ്. നിലവില്‍ കടുവയുടെ ആക്രമണം ഉണ്ടായ ഭാഗങ്ങളില്‍ അധിവസിക്കുന്ന സാധാരണക്കാരായ ആളുകള്‍ പശുക്കളെയും ആടുകളെയും വളര്‍ത്തി ജീവിക്കുന്നവരും റബര്‍ ടാപ്പിങ് തൊഴിലാളികളുമാണ്. പ്രധാനമായും റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ നേരം വെളുപ്പിനെ ടാപ്പിംഗ് ചെയ്യുന്നതിനായി ഇറങ്ങുന്നവരാണ് എന്നാല്‍ കടുവാ പേടിയില്‍ രാവിലെ ജോലിക്ക് പോകുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

അന്നന്നേക്കുള്ള ജീവിതമാര്‍ഗം അന്വേഷിച്ചിറങ്ങുന്ന സാധാരണക്കാരായ ഉള്ള ആളുകള്‍ കടുവയുടെ ആക്രമണത്തില്‍ വെട്ടിലായിരിക്കുകയാണ്.
കൂടു വച്ച് പിടിച്ച് കടുവയെ മറ്റ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാതെ തങ്ങള്‍ പിന്നോട്ടില്ല എന്നാണ് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. വനം വകുപ്പ് കൂടു വയ്ക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥാപിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍. നേരത്തെ വടശേരിക്കര ഭാഗത്തും കടുവയുടെ ആക്രമണം ഉണ്ടായെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഭാഗങ്ങളില്‍ നിന്നും നിരവധി വളര്‍ത്തു നായ്ക്കളെ ഉള്‍പ്പെടെ കടിച്ചു കൊല്ലുകയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വനംവകുപ്പിന്റെ ഈ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് ജനങ്ങളുടെ ആവലാതി അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.മേല്‍ ഉദ്യോഗസ്ഥരുമായി സംഭവത്തിന്റെ ഗൗരവം ചര്‍ച്ച ചെയ്തു കൂട് സ്ഥാപിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും കൂടാതെ മുപ്പതോളം വകുപ്പ് ഉദ്യോഗസ്ഥരെ സുരക്ഷക്ക് നിയമിച്ചതായും റാന്നി ഡി.എഫ്.ഓ ജയകുമാര്‍ ശര്‍മ പറഞ്ഞു.