
konnivartha,com : മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്.
മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.ഒരാഴ്ചക്കകം പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോട്ടല്‍ ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം ഓടയിലേക്ക്തന്നെ ഒഴുക്കുന്നതായി കാണുകയും ഈ വിവരങ്ങള്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
പിഴത്തുകയായി 10000 രൂപ അടയ്ക്കുന്നതിനുള്ള നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി ഹോട്ടല്‍ ഉടമക്ക് നല്‍കി. ഹോട്ടല്‍ അടച്ചു പൂട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു