
പൊതു ശുചിത്വം നാം ഏവരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല കാമ്പയിന്റെ ഭാഗമായി കടമ്പനാട് ഗ്രാമപഞ്ചായത്തിലെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വത്തിന് നാം ഏവരും വലിയ പ്രാധാന്യം നല്‍കുന്നു. അതേപോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പൊതുശുചിത്വവും. സമൂഹത്തെ മലീമസമാകുന്ന ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ലെന്ന് നാം ഓരോത്തരും ദൃഢപ്രതിജ്ഞ ചെയ്യണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് നിര്‍മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല.
സമ്പൂര്‍ണ ശുചിത്വ ജില്ലയായി പത്തനംതിട്ടയെ മാറ്റുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പരിശീലകര്‍ക്കുള്ള ക്ലാസ് മുന്‍ ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് നയിച്ചു.
ചടങ്ങില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, അജയകുമാര്‍ എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിന്റോ, ജയപ്രസാദ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് കുമാര്‍, എ.ആര്‍. അജീഷ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈ സെപ്റ്റംബറോടെ അടൂര്‍ മണ്ഡലത്തിലെ പറക്കോട് ബ്ലോക്ക് ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു വരികയാണ്.