
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. കിണറിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്ന കരടി മയക്കുവെടിയേറ്റതോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കരടിയെ കണ്ടെത്തിയത്.തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് കരടിയെ മയക്കുവെടി വച്ചത്. കരടിയെ പിടിച്ച് കോട്ടൂർ ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. എന്നാൽ വെള്ളത്തിൽ മയങ്ങി വീണ കരടിക്ക് മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കരടിയെ കിണറിൽ കണ്ടെത്തുന്നത്. കരടി കിണറ്റിൽ വീഴുന്നത് ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണെന്നാണ് വിവരം. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂട് പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്.