
ഇന്ത്യക്കാരെ സുഡാനിൽ നിന്നൊഴിപ്പിക്കാനുള്ള ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി.മുരളീധരനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദി വഴി വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.
ജിദ്ദയിലെ കൺട്രോൾ റൂം സന്ദർശിച്ച മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. പോർട്ട് സുഡാനിലും ജിദ്ദയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചു നടത്തിതായും മന്ത്രി അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി 278 പേർ ജിദ്ദയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ട്. ഐഎൻഎസ് സുമേധയിലാണ് പോർട്ട് സുഡാനിൽനിന്നും സംഘം തിരിച്ചത്.