
konnivartha.com : സുരേന്ദ്രാ..നിന്നെ ഇപ്പോൾ കാണുമ്പോൾ ഏറെ അഭിമാനമാണ് .നീ പരാജയപ്പെട്ട് പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ?
കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20 വർഷങ്ങൾക്ക് മുമ്പ് ശബരിമല റോഡിലെ രാജാമ്പാറയിൽ നിന്നും അമ്മയുപേക്ഷിച്ചു പോയ ഒരു വയസുള്ള കുട്ടി കുറുമ്പനായിരുന്നു സുരേന്ദ്രൻ.
ടി.വി ചാനലോ – വീഡിയോ ക്യാമറകളോ ഇല്ലാതിരുന്ന കാലം.വനം വകുപ്പിലെ ഒരു സുഹൃത്ത് പത്തനംതിട്ട നഗരത്തിൽ വച്ച് കണ്ടപ്പോൾ വണ്ടി നിർത്തി ചോദിച്ചു, വരുന്നോ… ഒരാനക്കുട്ടിയെ പിടിക്കാൻ പോകുവാ , ശബരിമല വനത്തിൽ. കേൾക്കേണ്ട താമസം ചാടി വണ്ടിയിൽ കയറി.മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത് , വനത്തോടും, വന്യമൃഗങ്ങളോടുമുള്ള പ്രത്യക ഇഷ്ടം കൊണ്ട് കൂടിയായിരുന്നു.
അത് പിന്നീടുള്ള കാലം തെളിയിക്കാനും കഴിഞ്ഞു. വനത്തിൽ ആന വീണാലും, ആന പിറന്നാലും അതൊക്കെ വാർത്തയായി മാറി .തോളത്ത് എപ്പോഴും ഒരു ബാഗും തൂക്കിയാണ് എന്റെ നടപ്പ്. അതിൽ ഒരു DSLR ക്യാമറയും , ടെലി ലെൻസുമുണ്ട്. (അക്കാലത്ത് ഇതൊക്കെ അപൂർവ്വം ) നേരെ രാജാമ്പാറ റോഡിൽ നിൽക്കുമ്പോൾ ഒരു കുട്ടി കുറുമ്പനെ വടം കെട്ടി നിർത്തിയിരിക്കുന്നു . അന്നേ ആൾ പിശകായിരുന്നു.ഭയങ്കര കുറുമ്പ് . ഇരുവശത്തും കെട്ടിയ കയർ വലിച്ച് പൊട്ടിക്കാൻ ശ്രമം.പക്ഷേ അന്ന് ലോറിയിൽ കയറ്റി കോന്നി ആനക്കൂട്ടിലേക്ക് . കൂട്ടിൽ വന്ന സുരേന്ദനെ കൊച്ചുകുഞ്ഞുങ്ങളെ നോക്കുന്ന മാതിരി പാലും, ഹോർലിക്സും. റാഗിയും നൽകി ആനപാപ്പാൻ സ്വാമി നോക്കി. സ്വാമിയെന്ന ആനപാപ്പാന് സ്വന്തം മകനായിരുന്നു സുരേന്ദ്രൻ.എന്ത് കുറുമ്പു കാണിച്ചാലും സ്വാമി അടിക്കില്ല .. സ്വാമി സുരേന്ദ്രനെ ലാളിച്ച് വഷളാക്കി എന്ന് വേണം പറയാൻ .
മിക്ക ദിവസവും ആനക്കൂട്ടിൽ പോകുന്ന ഞാൻ സുരേന്ദ്രനെ കാണാതെ വരില്ല.വലിയ ആനകൾക്കൊപ്പം രാവിലെ നടത്തത്തിനും, കുളിക്കുമായി ആറ്റിലേക്ക് പോകുന്നത് പതിവാണ്. സുരേന്ദ്രനെ കാണാൻ വഴി നീളെ ആളുകൾ കാത്തിരിക്കും. കൂടാതെ കുളി കഴിഞ്ഞ് മടങ്ങുമ്പോൾ സ്ഥിരമായി ചില കടകൾക്ക് മുന്നിൽ നിൽക്കും , പിരിവെടുക്കാൻഎന്തെങ്കിലും കഴിക്കാൻ നൽകണം. പ്രത്യേകിച്ച് പഴം.കോന്നിക്കാരുടെ ഹൃദയ ത്തിലായിരുന്നു സുരേന്ദ്രൻ. അൽപം വളർത്ത് ദോഷം ഉണ്ടെന്നത് സത്യം. പക്ഷേ കാണാനും, ആനക്കൂട്ടിൽ വരുന്നവർക്ക് സന്തോഷം പകരാനും സുരേന്ദ്രൻ ഉണ്ടായിരുന്നു. ലക്ഷണമൊത്ത കൊമ്പനായിരുന്നു . ഒരു ദിവസം പരിശീലനത്തിനെന്ന പേരിൽ മുത്തങ്ങയിലേക്ക് കൊണ്ട് പോയ സുരേന്ദ്രൻ തിരികെ കോന്നിയിൽ എത്തിയില്ല. ഇതിനെ കൊണ്ട് പോകുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയും, പ്രതിഷേധം കോടതി കയറുകയും ചെയ്തു.എന്തായാലും അഭിമാനമാണ് സുരേന്ദ്രാ നീ .കോന്നിയ്ക്കും, കേരളത്തിനും.
ബിനു വാഴമുട്ടം
മാധ്യമ പ്രവർത്തകൻ
കോന്നിയിലെ ആന പിടുത്തം (1971)
സി.അച്യുതമേനോൻ മന്ത്രി സഭയിലെ മന്ത്രിമാരായിരുന്ന പി.എസ്സ് ശ്രീനിവാസനും (വനം), ടി.കെ ദിവാകരനും (PWD) 1971-ൽ കോന്നിയുടെ കിഴക്കൻ വനമേഖലയിലെ വാരിക്കുഴിൽ വീണ ആനകളെ കുഴിയിൽ നിന്നും കയറ്റി കൂട്ടിലടയ്ക്കുന്നത് കാണാൻ എത്തിയിരുന്നു. ഇതേ വർഷം കോന്നിയിലും മലയാറ്റൂരിലുമായി 17 ആനകളെയാണ് വനം വകുപ്പ് പിടികൂടിയത്. പി.എസ്സ് ശ്രീനിവാസന്റ്റെ സാനിധ്യത്തിൽ കോന്നിയിലെ കൂട്ടിലാക്കപ്പെട്ട ആനക്കുട്ടിക്ക് റാണി എന്നും ടി.കെ ദിവാകരന്‍റെ സാന്നിധ്യത്തിൽ കൂട്ടിലാക്കപ്പെട്ട ആനക്കുട്ടിക്ക് അജിത എന്നും പേര് നൽകി.