
സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം
മലപ്പുറം: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചു.ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് വിവരം. ഫയർഫോഴ്സും,പോലീസും, നാട്ടുകാരും, മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.
18 ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു. ബോട്ടില്‍ അധികവും കുട്ടികളാണ് ഉണ്ടായിരുന്നത്. തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഃഖാചരണം: സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചുമെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കോസ്റ്റ് ഗാർഡും നേവിയും തിരച്ചിൽ നടത്തും.
മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു.
ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ സ്പെഷ്യൽ ടീം ആയിരിക്കും അപകടത്തില്‍ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും.ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു