കോന്നി മെഡിക്കല്‍ കോളജ് : മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
konnivartha.com: കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ ബാക്കിഘട്ട നിര്‍മാണങ്ങള്‍ വേഗത്തിലാക്കണം. നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഓഡിറ്റോറിയം, പ്രിന്‍സിപ്പല്‍ ഓഫീസ്, ലോണ്‍ട്രി ബിള്‍ഡിംഗ്, റോഡ് എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രണ്ട് മാസത്തിനുള്ളില്‍ കാമ്പസില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം. ലാന്റ്സ്‌കേപ്പിംഗ് പൂര്‍ത്തിയാക്കണം. വൈദ്യുതി ഉപയോഗത്തിനായി സോളാര്‍ പാനല്‍ സ്ഥാപിക്കണം. മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തണം. മെറ്റീരിയല്‍ കളക്ഷന്‍ സെന്ററും ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കണം. ഫര്‍ണിച്ചറുകളും മറ്റ് സാമഗ്രികളും സമയബന്ധിതമായി ലഭ്യമാക്കണം. ഐസുയുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം. മെഡിക്കല്‍ കോളജിനെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. രണ്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍ ഉടന്‍ സജ്ജമാകുന്നതാണ്. ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കി. ബ്ലഡ് ബാങ്ക് ലൈസന്‍സ് ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
നിലവില്‍ അഞ്ചു ബസുകള്‍ കോന്നി മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ധാരാളം ആളുകള്‍ സഞ്ചരിക്കുന്ന പന്തളം, കുളനട, ഓമല്ലൂര്‍, വള്ളിക്കോട് വഴി കോന്നിയിലെത്തുന്ന ബസും പുനലൂര്‍ കോന്നി മെഡിക്കല്‍ കോളജ് ബസും, പന്തളം, കിടങ്ങന്നൂര്‍, ഇലവുംതിട്ട, കോന്നി ബസും ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ഇബി സബ് സ്റ്റേഷന്‍, പാറ മാറ്റുന്നത് എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
മെഡിക്കല്‍ കോളജിന്റെ സെക്യൂരിറ്റി സംവിധാനം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എയ്ഡ് പോസ്റ്റില്‍ 24 മണിക്കൂറും പോലീസിന്റെ സേവനം ഉറപ്പാക്കണം. രാത്രികാല പെട്രോളിംഗ് ഉണ്ടാകണം. 24 മണിക്കൂറും ആംബുലന്‍സ് സേവനം ഉറപ്പാക്കണം. പത്തനംതിട്ടയ്ക്ക് പൂര്‍ണമായി പ്രയോജനപ്പെടുന്ന രീതിയില്‍ സിടി സ്‌കാനിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. ആശുപത്രി വികസനത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തണം. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരാളെ ചുമതലപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, മെഡിക്കല്‍ വിദ്യാഭ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.എസ്. നിഷ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എ. ഷാജി, ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകണ്ഠൻ നായർ, വൈദ്യുതി, ഗതാഗതം തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍, എസ്.പി.വി. പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

Advertisement
Google AdSense (728×90)
Tags: Konni Medical College: A high-level meeting was held under the leadership of the minister കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
