സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണ്‍ ഫോട്ടോ പ്രദര്‍ശനം ജൂലായ് 19 മുതല്‍ 22 വരെ നാഗര്‍കോവിലില്‍

Spread the love

 

konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ വിഷയങ്ങളില്‍ നാഗര്‍കോവിലില്‍ നാല് ദിവസത്തെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 2023 ജൂലായ് 19 മുതല്‍ 22 വരെ കോട്ടാര്‍, ഇത്താമൊഴി റോഡിലുള്ള രാജകോകില തമിഴ് അരംഗത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തിനും അനുബന്ധപരിപാടികള്‍ക്കും 19-ന് ബുധനാഴ്ച രാവിലെ 10.30-ന് തുടക്കമാകും.

കന്യാകുമാരി പാര്‍ലമെന്റ് അംഗം വി. വിജയ് വസന്ത്, തമിഴ്നാട് ക്ഷീര, ക്ഷീര വികസന വകുപ്പ് മന്ത്രി ടി മനോ തങ്കരാജ്, ജില്ലാ കലക്ടര്‍ എന്‍ ശ്രീധര്‍ ഐഎഎസ്, നാഗര്‍കോവില്‍ എംഎല്‍എ എം ആര്‍. ഗാന്ധി, നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ ഈസ്റ്റ് ചെയര്‍മാന്‍ അഗസ്റ്റിന കോകിലവാണി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ & പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ വിഷയങ്ങളില്‍ നേരത്തെ വിവിധ കോളേജുകളില്‍ നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നല്‍കും.
തപാല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, ഐസിഡിഎസ്, സാമൂഹ്യക്ഷേമ വകുപ്പ്, ഉള്‍പ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ സ്റ്റാളുകളും പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാര്‍ രജിസ്ട്രേഷനും ആധാര്‍ തിരുത്തലിനും അവസരമൊരുക്കിയിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്ന ഓരോ സെഷനിലും വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍, പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും.

ബാങ്കിംഗ് സാക്ഷരത, നൈപുണ്യ വികസനം, സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍, ഇന്ത്യന്‍ റെയില്‍വേ, പോസ്റ്റ് ഇന്ത്യ പേയ്‌മെന്റ് ബാങ്ക് തുടങ്ങി വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളാണ് സെഷനിലുണ്ടാവുക.

2023 ജൂലായ് 22 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം വീക്ഷിക്കാം.