
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഉജ്ജ്വല വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന്‍ 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ നേടിയത്. യുഡിഎഫിന്റെ 41 എം എൽ എ മാരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്റെ പേരിലാണ്.
പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയായിരുന്നു ലീഡ്. മീനടം പഞ്ചായത്തിലെ പുതുവയൽ 153-ാം ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞത്. അവിടെ 15 വോട്ട് ലീഡാണ് ജെയ്ക്കിന് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെയ്ക്കിനൊപ്പം നിന്ന മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ നടത്തിയത്.
ചാണ്ടി ഉമ്മന്‍ ഏറ്റവും കൂടുതല്‍ ലീഡ് ലഭിച്ചത് പുതുപ്പള്ളി പഞ്ചായത്തിലാണ്. അയര്‍ക്കുന്നം, അകലക്കുന്നം, വാകത്താനം പഞ്ചായത്തുകളിലെല്ലാം ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 5000ന് മുകളിലെത്തി. വോട്ടെണ്ണലിന്റെ തുടക്കം മുതൽക്കേ വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ നടത്തിയത്. പോസ്റ്റൽ സർവീസ് വോട്ടുകളിൽ തുടങ്ങിയ മുന്നേറ്റം അവസാനം വരെ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. വോട്ടെണ്ണൽ രണ്ട് റൌണ്ട് പിന്നിട്ടപ്പോൾ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും ചാണ്ടി ഉമ്മൻ മറികടന്നു.