
konnivartha.com: ശബരിമല,അയ്യപ്പന്‍റെ ദൈവീകമായ വാസസ്ഥാനം. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ് . പ്രാചീന മാനവരില്‍ നിന്നും ആധുനിക യുഗത്തിലേക്ക് ഭാരതീയര്‍ എത്തി .ശബരിമലയിലെ ആചാര അനുഷ്ടാനത്തില്‍ ഇല്ലാത്ത ഒരു സമ്പ്രദായം ഇന്നും നിര്‍ത്തലാക്കാന്‍ സര്‍ക്കാരിനോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞിട്ടില്ല . പമ്പയില്‍ നിന്നും ശബരിമല വരെയുള്ള ഡോളി സമ്പ്രദായം ആണ് മനുക്ഷ്യാവകാശ ലംഘനമായി ചൂണ്ടി കാണിക്കുന്നത് . ബഹുമാന്യ ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുമ്പോള്‍ ചൂരല്‍ കസേരയില്‍ ഇരുത്തി നാല് മനുഷ്യന്‍ മറ്റൊരു തീര്‍ഥാടകനെ പണം വാങ്ങി ചുമന്നു സന്നിധാനത്ത് എത്തിക്കുന്ന ഈ സംവിധാനം ദേവസ്വം ബോര്‍ഡിന്‍റെ ബിസിനസ് ആയി മാറി .
1970-കളുടെ തുടക്കത്തിൽ അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി ശബരിമല സന്ദർശിച്ചപ്പോഴാണ് ശബരിമലയിൽ ഡോളി സർവീസ് ആരംഭിച്ചത്.മലകയറാൻ ശ്രമിക്കുന്നതിനെതിരെ ഗിരിയുടെ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. അങ്ങനെ വനം വകുപ്പിലെ ഉന്നത ഓഫീസർ മുന്നോട്ടു വെച്ച ആശയമായിരുന്നു ഡോളി . തിരുവിതാംകൂർ ദേവസ്വം ബോർഡ് രാജ്യത്തെ മുൻ പ്രഥമ പൗരനെ സന്നിധാനത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. പിന്നെ ഇങ്ങോട്ട് നല്ലൊരു വരുമാന മാര്‍ഗ്ഗമായി ദേവസ്വം ബോര്‍ഡ് ഇതിനെ കണ്ടു കൊണ്ട് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി . ഇന്ന് പമ്പയില്‍ നിന്നും ശബരിമല വരെ ചെല്ലാന്‍ ആംബുലന്‍സ് സംവിധാനം ഉണ്ട് . പഴയ കാലത്തിലെ ഡോളി സമ്പ്രദായം നിര്‍ത്തലാക്കി മല കയറുവാന്‍ കഴിയാത്ത തീര്‍ഥാടകരെ ആംബുലന്‍സില്‍ സന്നിധാനത്ത് എത്തിക്കാന്‍ ഉള്ള ക്രമീകരണം ഉണ്ടാകണം . അല്ലാതെ നാല് പേര് ഒരാളെ ചുമന്നു മല കയറുന്ന കാടന്‍ രീതി ഇനി എങ്കിലും നിര്‍ത്തലാക്കാന്‍ അധികാരികള്‍ക്ക് കഴിയണം .
ഡോളി ചുമക്കുന്ന ആയിരത്തോളം തൊഴിലാളികള്‍ ഉണ്ട് . തീര്‍ഥാടന കാലത്ത് ആണ് ഇത്രയും തൊഴിലാളികള്‍ പമ്പയില്‍ ജോലി ചെയ്യുന്നത് . കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ആളുകള്‍ ആണ് ഡോളി ചുമക്കുന്നത് . ഓരോ ഡോളിയും ചുമക്കുന്നത് നാല് പേരാണ് . തലയില്‍ ച്ചുമ്മാട് വെച്ചു ആണ് കസേരയില്‍ ആളുകളെ എടുക്കുന്നത് . ചിലര്‍ തോളിലും ഡോളി കാലു വെക്കും . പമ്പയില്‍ നിന്നും കുത്തനെ ഉള്ള അഞ്ച് കിലോമീറ്റർ വൺ-വേ ട്രെക്കിംഗ് നടത്താൻ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും എടുക്കും. കാൽനടയായി യാത്ര ചെയ്യാൻ സാധിക്കാത്ത വയോധികരുടെയും രോഗികളായ ഭക്തരുടെയും ആശ്രയം ആണ് ഡോളി എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തൊടു ന്യായങ്ങള്‍ മുന്‍പ് എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു എങ്കിലും പമ്പ ശബരിമല യാത്രയ്ക്ക് ആംബുലന്‍സ് ഏര്‍പ്പെടുത്തണം . അതാണ് പഴമയില്‍ നിന്നും പുതു തലമുറ ആഗ്രഹിക്കുന്ന കാര്യം . ഡോളി ചുമക്കുന്നവരില്‍ വിവിധ ആരോഗ്യ പ്രശ്നം ഉണ്ട് .ഇതില്‍ പ്രധാനം ഡിസ്ക്ക് തേയ്മാനം ആണെന്ന് പലരും പറയുന്നു . കുറെ നാള്‍ കഴിയുമ്പോള്‍ കാലിനു വേദന സ്ഥിരമായി ഉണ്ടാകുന്നു .
കൈകളിൽ രണ്ടു തൂണുകൾ ഘടിപ്പിച്ച ചൂരൽ കസേരയാണ് ഡോളി. തമിഴ് നാട്ടില്‍ നിന്നാണ് കസേരകൾ വാങ്ങുന്നത് . യൂക്കാലിപ്റ്റസ് മരങ്ങളുടെ കടപുഴകിയാണ് തൂണുകളായി ഉപയോഗിക്കുന്നത്.ഡോളി സർവീസിന് ഒരാൾക്ക് അങ്ങോട്ടും ഇങ്ങോട്ടും 6,500 രൂപയാണ് നിരക്ക്.ഡോളി ചുമക്കുന്ന ആളിന് ആയിരത്തി അഞ്ഞൂറു രൂപ ലഭിക്കും . ഒരു ദിവസം മൂന്നു ട്രിപ്പ് വരെ ഇവര്‍ “ആളെ” ചുമക്കുന്നു .
1970 ല്‍ രാഷ്ട്രപതി വി.വി.ഗിരി ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ ഉള്ള പഴമ അല്ല ഇന്നിവിടെ ഉള്ളത് . ആധുനിക യുഗത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും മാറാതെ നില്‍ക്കുന്നത് ഡോളി സമ്പ്രദായം ആണ് .മനുഷ്യന്‍ മനുഷ്യനെ ചുമന്നു മലകയറി സന്നിധാനത്ത് എത്തിക്കുന്ന പ്രാകൃത സംവിധാനം വേണോ എന്ന് മനസ്സറിഞ്ഞു അധികാരികള്‍ ചിന്തിക്കുക . ഡോളി തൊഴിലാളികള്‍ക്ക് ദേവസ്വം ബോര്‍ഡ് മറ്റ് താല്‍കാലിക ജോലി നല്‍കി കൂടെ നിര്‍ത്തുക . മലകയറി സന്നിധാനത്ത് എത്തുവാന്‍ പ്രയാസം ഉള്ളവരെ ആംബുലന്‍സില്‍ എത്തിക്കാന്‍ കഴിയുന്ന നിലയില്‍ ഉള്ള നടപടികള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു . ബഹുമാന്യ ഹൈക്കോടതിയുടെ ശ്രദ്ധയും ഇക്കാര്യത്തില്‍ പതിയണം എന്ന് ആഗ്രഹിക്കുന്നു .
ജയന്‍ കോന്നി / www.konnivartha.com