നവംബര്‍ 18, 19 തീയതികളില്‍ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തിൽ നിയന്ത്രണം

Spread the love

 

konnivartha.com: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ നവംബര്‍ 18, 19 തീയതികളില്‍ സംസ്ഥാനത്ത് റെയിൽ ഗതാഗതത്തിൽ നിയന്ത്രണം. ഈ ദിവസങ്ങളിൽ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.മംഗലാപുരം-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.

ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊർണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഇത് കൂടാതെ നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസ് ശനിയാഴ്ച ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ സർവീസ് നടത്തില്ല. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് ഞായറാഴ്ച എറണാകുളത്തുനിന്നാകും സർവീസ് ആരംഭിക്കുക.

ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച മംഗലാപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് ഷൊർണൂരിൽനിന്നാകും യാത്ര ആരംഭിക്കുക.അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് വെള്ളിയാഴ്ച തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് ശനിയാഴ്ച എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള ഇന്‍റർസിറ്റി എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത് എറണാകുളത്ത് നിന്നായിരിക്കും.

കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് ശനിയാഴ്ച പാലക്കാട് യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ പാലക്കാടിനും എറണാകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഈ ട്രെയിൻ ഞായറാഴ്ച പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക.

മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ശനിയാഴ്ച ആലുവയിൽ സർവീസ് അവസാനിപ്പിക്കുകയും തിരികെയുള്ള ട്രെയിൻ ഞായറാഴ്ച ആലുവയിൽനിന്ന് സർവീസ് ആരംഭിക്കുകയും ചെയ്യും.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

വെള്ളിയാഴ്ച ഗാന്ധിധാമിൽനിന്ന് നാഗർകോവിലിലേക്കുവരുന്ന എക്സ്പ്രസ് ട്രെയിൻ ഷൊർണൂരിൽനിന്ന് പൊള്ളാച്ചി, മധുര വഴിയാകും സർവീസ് നടത്തുക.

വെള്ളിയാഴ്ച പൂനെയിൽനിന്ന് കന്യാകുമാരിയിലേക്ക് വരുന്ന ജയന്തി ജനത എക്സ്പ്രസ് പാലക്കാട് നിന്ന് പൊള്ളാച്ചി, മധുരൈ വഴി കന്യാകുമാരിയിലേക്ക് പോകും.

സമയമാറ്റം

ട്രെയിൻ നമ്പർ 16348 മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ ശനിയാഴ്ച ഏഴ് മണിക്കൂർ വൈകി രാത്രി 9.25ന് ആണ് മംഗലാപുരത്ത് നിന്ന് പുറപ്പെടുക.

error: Content is protected !!