Trending Now

ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി

Spread the love

 

konnivartha.com: ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിൻ്റെ ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു.

എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോൾ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു.

മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്.

സമൂഹപ്പെരിയാന്‍ എൻ. ഗോപാലകൃഷ്ണപിള്ള ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സംഘം പ്രസിഡന്റ് ആർ ​ഗോപകുമാർ, സെക്രട്ടറി ചന്ദ്രകുമാർ, ട്രഷറർ ബിജു സാരം​ഗി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!