ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

Spread the love

konnivartha.com: ക്ഷീരവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസന വകുപ്പിന്റെ  www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ജൂലൈ 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

പുല്‍കൃഷി വികസനം, എംഎസ്ഡിപി പദ്ധതി, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളക്കൃഷി, നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും പുല്‍കൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.

ഡയറി ഫാമുകളുടെ ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, 10, അഞ്ച്, രണ്ട്, ഒന്ന് പശുക്കളുടെ യൂണിറ്റ് എന്നീ പദ്ധതികളും യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് എംഎസ്ഡിപി പദ്ധതി.

അക്ഷയകേന്ദ്രങ്ങള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, ക്ഷീരവികസന ഓഫീസുകള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2223711.

error: Content is protected !!