പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/04/2025 )

Spread the love

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് (24)  തുറക്കും

പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി ഇന്ന് (24) രാവിലെ ആറു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കക്കാട്ടാറില്‍ 50 സെ. മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതപുലര്‍ത്തണം.


ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ശുചിത്വ പ്രൊജക്ടുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറത്ത്, മല്ലപ്പള്ളി, ഇലന്തൂര്‍, കോന്നി, കോയിപ്രം, പന്തളം, റാന്നി  ബ്ലോക്ക്പഞ്ചായത്തുകളുടെയും പ്രമാടം, റാന്നി, കോയിപ്രം, മൈലപ്ര, സീതത്തോട്, ആനിക്കാട്, മല്ലപ്പുഴശ്ശേരി, കോന്നി, ഓമല്ലൂര്‍ , പന്തളം തെക്കേക്കര, മെഴുവേലി, കോഴഞ്ചേരി, ചെന്നീര്‍ക്കര, മലയാലപ്പുഴ, കല്ലൂപ്പാറ, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിയാണ് അംഗീകരിച്ചത്. പത്തനംതിട്ട, പന്തളം നഗരസഭകളുടെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി – ലേബര്‍ ബജറ്റ്, പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതി എന്നിവയ്ക്കും സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി :  അദാലത്ത് മെയ് മൂന്നിന്

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന ധനസഹായ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകള്‍ക്കായി  മെയ് മൂന്നിന് (ശനിയാഴ്ച) അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവല്ല ജില്ലാ  ഡയറ്റ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കുന്ന അദാലത്തില്‍ ഓണ്‍ലൈനില്‍  പേര്   രജിസ്റ്റര്‍ ചെയ്ത 100 പേര്‍ക്കാണ്  അവസരം.  www.norkaroots.org  ലൂടെ മെയ് രണ്ടിനു മുമ്പ് അപേക്ഷ നല്‍കണം.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക്  നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’.

വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്ക് അപേക്ഷിക്കാം.  മുമ്പ് അപേക്ഷ നല്‍കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും ലഭ്യമാണ്. വിവരങ്ങള്‍ക്ക്   8281004904, 9188492339, 8281004903  നമ്പറുകളിലോ (പ്രവൃത്തി ദിവസങ്ങളില്‍)  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാം.


ക്വട്ടേഷന്‍

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ മലമ്പണ്ടാര  കുടുംബങ്ങളുടെ  സ്ഥലത്ത് സ്ഥാപിക്കുന്നതിനായി സര്‍വേകല്ലുകള്‍ എത്തിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് രണ്ട് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 04735 227703.

 

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :  7994926081