
വിഴിഞ്ഞം സുരക്ഷാവലയത്തിൽ; നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസ്, 20 അംഗ എസ് പി ജി സംഘവും തലസ്ഥാനത്ത്
konnivartha.com: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ നടക്കും.സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും നിർദേശങ്ങൾ നൽകാനുമായി സിറ്റി പൊലീസ് കമ്മിഷണറുൾപ്പെടെ ഉന്നത പൊലീസ് സംഘം വൈകിട്ടു വിഴിഞ്ഞത്ത് എത്തി.
വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകൾ തയാറായി. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡൽഹിയിൽ നിന്നുള്ള 20 അംഗ എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) സംഘത്തിന്റെ മേൽനോട്ടമുണ്ട്.
പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വിവിഐപി, വിഐപി എന്നിവർക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാവും. തൊട്ടടുത്തായി പൊതുജനങ്ങൾക്കുള്ള വിശാലപന്തലുകളും സജ്ജമാക്കും. പൊതുജനത്തിനു ചടങ്ങു വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകൾ സജ്ജീകരിക്കും.
നാളെ രാത്രി തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങി രണ്ടിനു 10 നു ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്നു വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും.
പത്തേകാലോടെ തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ സ്വീകരിക്കും. തുടർന്ന് പോർട്ട് ഓപ്പറേഷൻ കേന്ദ്രത്തിലെത്തി കംപ്യൂട്ടർ നിയന്ത്രിത പ്രവർത്തന രീതികൾ, ബെർത്തിൽ എത്തി ക്രെയിനുകൾ എന്നിവ വീക്ഷിക്കും. 11ന് വേദിയിലെത്തി പ്രസംഗിക്കും. പന്ത്രണ്ടോടെ മടങ്ങും.
വികസനം അലയടിക്കുന്നവിഴിഞ്ഞത്തിന്റെ മുഖം
വികസനത്തിരയേറി വിഴിഞ്ഞത്തിന്റെ മുഖഛായ മാറുന്നു. രാജ്യാന്തര തുറമുഖ പദ്ധതി, കഴക്കൂട്ടം–കോവളം ബൈപാസ് തുടങ്ങിയ വലിയ വികസന പദ്ധതികൾ ചേർന്നാണു വിഴിഞ്ഞത്തിനു പുതുമുഖം നൽകുന്നത്. നിർദിഷ്ട ഔട്ടർ റിങ്റോഡ്, തീരദേശ ഹൈവേ എന്നിവ കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിനു വലിയ മാറ്റമുണ്ടാവും. വിഴിഞ്ഞം പദ്ധതിയുടെ ചുവടുപിടിച്ചു തലസ്ഥാനത്തെ വിവിധയിടങ്ങളിൽ വ്യവസായ സംരംഭങ്ങളുമെത്തും.
2015 ഡിസംബർ 5നു നിർമാണോദ്ഘാടനം നടക്കുമ്പോൾ തന്നെ പദ്ധതി പ്രദേശമായ മുല്ലൂർ–കരിമ്പള്ളിക്കര തീരത്തിന്റെ മുഖഛായ മാറിത്തുടങ്ങിയിരുന്നു. മുല്ലൂർ മുതൽ വിഴിഞ്ഞം വലിയ കടപ്പുറത്തിനു സമീപംവരെ തീരം രൂപപ്പെട്ടു. ഇവിടെയാണ് ഇന്നു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുകളുൾപ്പെടെ സജ്ജമായിരിക്കുന്നത്. വർഷ കാലത്ത് കരയോടടുത്തു വലിയ തിരകളുയർന്നിരുന്ന സ്ഥാനത്ത് ഇന്നു നഗര സമാനമായ സ്ഥിതിയിലായത് നാടിനും നാട്ടുകാർക്കും അദ്ഭുതമാണ്.
വർഷത്തിലൊരിക്കൽ മീൻപിടിത്ത തുറമുഖത്ത് വന്നു പോയിരുന്ന ചെറിയ ആഡംബര കപ്പലായിരുന്നു വിഴിഞ്ഞത്തെ പഴയ കാലത്തെ വലിയ കാഴ്ച. ആ സ്ഥാനത്ത് ഇന്ന് കപ്പൽ ഭീമൻമാരുടെ ഇടതടവില്ലാത്ത വരവാണ്. തെക്കൻ ഏഷ്യയിലെ തന്നെ വലിയ കപ്പലടുക്കുന്ന ആദ്യ തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞം നേടി. പ്രദേശത്ത് തുറമുഖത്തു നിന്നു റോഡ്–റെയിൽ കണക്ടിവിറ്റി സാധ്യമാകണം. ഇതു വരുന്നതോടെ പ്രാദേശികമായി അനുബന്ധ തൊഴിൽ,വരുമാന സാധ്യതകൾ ഏറും.
കഴക്കൂട്ടത്തു തുടങ്ങി കാരോടിൽ അവസാനിക്കുന്ന ബൈപാസ് വന്നതോടെ ഉൾനാടൻ പ്രദേശങ്ങളിലൂടെ ഗതാഗതം സുഗമമായി. ഇനി റിങ് റോഡും കൊല്ലങ്കോടു നിന്നുള്ള തീരദേശ റോഡും വരുന്നതോടെ പ്രദേശങ്ങളുടെ വളർച്ചയും വികസനവും ദ്രുതഗതിയലാകും. വൻകിട കമ്പനികൾ വ്യവസായ പദ്ധതി നിർദേശങ്ങളും താൽപര്യങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു. ഭൂമിയാണു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ മുൻകയ്യെടുത്താൽ വിഴിഞ്ഞത്തിനൊപ്പം കേരളത്തിന്റെ വ്യവസായ വാണിജ്യ മുഖഛായയും മാറും.
ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് 01.05.2025 തീയ്യതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെയും 02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
01.05.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
02.05.2025 തീയ്യതി രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക് 02.00 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – ഇടപ്പഴിഞ്ഞി – പാങ്ങോട് മിലിറ്ററി ക്യാമ്പ് – പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
01.05.2024 , 02.05.2024 തീയതികളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം -എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് .- തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട് – വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ-തമ്പാനൂർ – ഓവർ ബ്രിഡ്ജ് – കിഴക്കേകോട്ട -മണക്കാട് -കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം -വെള്ളാർ -കോവളം -പയറുംമൂട് -പുളിങ്കുടി. മുല്ലൂർ മുക്കോല വരെയുള്ള റോഡിലും, തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട് – ചാക്ക – ആൾസെയ്ന്റ്സ് – ശംഖുംമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
റൂട്ടിന് തൊട്ടുമുമ്പായി പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്.
ഡൊമസ്റ്റിക് ഏയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.