പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/05/2025 )

 

കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം.

വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു.

തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോള്‍ ഉള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതും അവതരിപ്പിച്ചു. അഗ്നിസുരക്ഷ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍പ്പെട്ടവരെ താല്‍ക്കാലിക ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റുന്നതും ചിത്രീകരിച്ചു. റവന്യു, പൊലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണം, വൈദ്യതി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ മോക്ഡ്രില്ലുമായി സഹകരിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ രാജലക്ഷ്മി, ബീനാ എസ് ഹനീഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറേറ്റ് കൂടാതെ ജില്ലയില്‍ തിരുവല്ല റവന്യു ടവര്‍, കെഎസ്ജി എച്ച്എസ്എസ് കടപ്ര, ഗവണ്‍മെന്റ് എച്ച്എസ് കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി എന്നിവിടങ്ങളിലാണ് മോക്ഡ്രില്‍ നടന്നത്. ശത്രു ആക്രമണ സമയത്ത് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തയാറാക്കുക, പരിശീലനവും സംരക്ഷണവും നല്‍കുക, നാശനഷ്ടം പരമാവധി കുറയ്ക്കുക, സായുധ സേനകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുക എന്നിവയാണ് സിവില്‍ ഡിഫന്‍സിലൂടെ ലക്ഷ്യമിട്ടത്.

 

അപേക്ഷിക്കാം

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങളായ വഴിയോര ഭാഗ്യകുറി വില്‍പ്പനകാര്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തട്ട് ഉപയോഗിച്ച് ഭാഗ്യകുറി വില്‍പന നടത്തുന്ന അംഗങ്ങള്‍ക്ക് മെയ് 25 വരെ അപേക്ഷിക്കാം. അപേക്ഷ ജില്ലാ ഭാഗ്യകുറിഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ :  0468 2222709.


സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ്  നെറ്റ് വര്‍ക്കിംഗ് പരിശീലനം ആരംഭിച്ചു. പ്രായപരിധി 18 -45. ഫോണ്‍ :04682992293, 04682270243.


പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

ആട്ടോ മൊബൈല്‍ വര്‍ക്ഷോപ്പ്  തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് അംഗങ്ങളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന   കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ  ക്ഷണിച്ചു. അപേക്ഷ ജില്ലാ ഓഫീസില്‍ ലഭിക്കും. അവസാന തീയതി മെയ് 13. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധികാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍  : 04682-320158.


കുടിശിക തീയതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷകാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴിവാക്കി) കുടിശിക ഒടുക്കുന്നതിന് (ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ)  മെയ് 31 വരെ സമയം അനുവദിച്ചു. അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 04682-320158.


ജില്ലാ അവലോകന യോഗം

രജിസ്‌ട്രേഷന്‍ , പുരാവസ്തു, പുരാവസ്തുരേഖ , മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ മെയ് 15 ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാ അവലോകന യോഗം നടക്കും.

Related posts