
konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ് ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് .
രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു .വനം വകുപ്പ് ജീവനക്കാര്‍ എത്തി മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു .
മുന്‍പ് ഇവിടെ രാത്രിയില്‍ മാത്രം മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ ഇന്ന് പകല്‍ ആണ് ഇറങ്ങിയത് .കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനു സമീപം ആണ് കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത് . ഇതിനു സമീപം തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് .
വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍കോളേജ് പരിസരം . കോന്നി മെഡിക്കല്‍ കോളേജ് വരുന്നതിനു മുന്നേ കശുമാവിന്‍ തോട്ടമായിരുന്നു .അന്ന് കാട്ടാനകൂട്ടങ്ങള്‍ വിഹരിച്ചിരുന്ന സ്ഥലമാണ് . മഴ കൂടിയതോടെ ഇളം പുല്ലുകള്‍ ധാരാളം കിളിര്‍ത്തു .
ധാരാളം തീറ്റ ലഭിക്കുന്ന ആവാസ വ്യവസ്ഥകളിലും തടസ്സമില്ലാത്ത വനപ്രദേശങ്ങളും ജലാശയങ്ങളുടെ സമീപത്തും ആണ് കാട്ടുപോത്തുകളെ ധാരാളമായി കാണുന്നത് . മധുരം നിറഞ്ഞ ഇളം പുല്ലുകള്‍ ധാരാളമായി വളരുന്ന ആവസ്ഥ വ്യവസ്ഥയാണ് കോന്നി വനം ഡിവിഷന്‍റെ പ്രത്യേകത എങ്കിലും ഇപ്പോള്‍ ഉള്‍ വനത്തില്‍ നിന്നും കൂട്ടമായി കാട്ടുപോത്ത് എത്തിയ കാര്യം വനം വകുപ്പ് ശ്രദ്ധിക്കണം .വനപ്രദേശത്ത് തീറ്റ കുറഞ്ഞതോടെ പച്ചപ്പുകൾ തേടിയാണ് കാട്ടുപോത്തുകൾ എത്തിയത് .
കോന്നി മെഡിക്കല്‍ കോളേജ് പരിസരത്തെ കാടുകള്‍ നീക്കം ചെയ്‌താല്‍ കാട്ടുപോത്ത് അടക്കമുള്ള വന്യ ജീവികള്‍ എത്തുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും . കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്തി ഓടിക്കാനുള്ള യാതൊരു സംവിധാനവും നിലവില്‍ ഇവിടെയില്ല.കാട്ടുപോത്തുകളുടെ എണ്ണവും കോന്നി വനത്തില്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.